ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി ലയണൽ മെസി, ഫ്രാൻസിൽ വീണ്ടും അർജന്റൈൻ ആധിപത്യം | Messi

ഇന്നലെ ഫ്രാൻസിലെ പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായ ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ സ്വന്തമാക്കി ലയണൽ മെസി. കഴിഞ്ഞ വർഷം അർജന്റീനയെ ലോകകപ്പ് നേട്ടത്തിലേക്ക് നയിക്കാൻ അതിഗംഭീര പ്രകടനം നടത്തിയതാണ് ലയണൽ മെസിയെ വീണ്ടും ബാലൺ ഡി ഓർ സ്വന്തമാക്കാൻ സഹായിച്ചത്. ഇതോടെ തുടർച്ചയായ എട്ടാമത്തെ തവണയാണ് അർജന്റീന താരം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.

ഖത്തർ ലോകകപ്പിൽ ലയണൽ മെസി ഐതിഹാസികമായ പ്രകടനമാണ് നടത്തിയത്. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീനയെ കൈപിടിച്ചുയർത്തിയത് ലയണൽ മെസിയുടെ ഗംഭീര പ്രകടനമാണ്. ഫൈനലിലെ രണ്ടു ഗോളുകൾ അടക്കം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയ താരം ടൂർണമെന്റിലെ മികച്ച കളിക്കാരനും രണ്ടാമത്തെ ടോപ് സ്‌കോററുമായിരുന്നു. ഇതിനു പുറമെ ഫ്രാൻസിനൊപ്പം രണ്ടു കിരീടങ്ങളും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.

“അർജന്റീന ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളാണ് ഈ അവാർഡ് സ്വന്തമാക്കാൻ സഹായിച്ചത്. ഇതു അർജന്റീന കളിക്കാർക്കും കോച്ചിങ് സ്റ്റാഫിനുമുള്ള ഒരു സമ്മാനമാണ്. ഞാനിന്നു ഡീഗോയെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ആഗ്രഹിച്ചതു പോലെ തന്നെ ഫുട്ബോളിനെ ഇഷ്‌ടപ്പെടുന്ന ഒരുപാട് ആളുകളുടെ ഇടയിൽ വെച്ച് ജന്മദിനാശംസകൾ നേരാൻ ഇതാണ് അവസരം. നിങ്ങൾ എവിടെയാണെങ്കിലും, ജന്മദിനാശംസകൾ ഡീഗോ. ഇത് നിങ്ങൾക്കു കൂടിയുള്ളതാണ്.” മെസി പറഞ്ഞു.

ലയണൽ മെസിക്ക് പുറമെ ലോകകപ്പിൽ അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രധാന പങ്കു വഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും ഇന്നലെ പുരസ്‌കാരം നേടുകയുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫിയാണ് താരം സ്വന്തമാക്കിയത്. ലോകകപ്പിൽ രണ്ടു പെനാൽറ്റി ഷൂട്ടൗട്ടുകൾ ഉൾപ്പെടെ അർജന്റീന വിജയം നേടിയ മത്സരങ്ങളിലെല്ലാം താരം നടത്തിയ പ്രകടനവും ടീമിന് നൽകിയ ആത്മവിശ്വാസവും വളരെ വലുതായിരുന്നു.

പുരുഷന്മാരിൽ മെസി ബാലൺ ഡി ഓർ നേടിയപ്പോൾ വനിതാ വിഭാഗത്തിൽ സ്പെയിനൊപ്പം ലോകകപ്പ് നേടിയ ബാഴ്‌സലോണ താരമായ ഐറ്റാന ബോൺമാറ്റിയാണ് പുരസ്‌കാരം നേടിയത്. മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയപ്പോൾ മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ജൂഡ് ബെല്ലിങ്‌ഹാമും നേടി. മികച്ച ഗോൾസ്കോറർക്കുള്ള അവാർഡ് ഹാലാൻഡ് സ്വന്തമാക്കിയപ്പോൾ ക്ലബ് ഓഫ് ദി ഇയർ ആയി മാഞ്ചസ്റ്റർ സിറ്റിയും ബാഴ്‌സലോണ വനിതാ ടീമും തിരഞ്ഞെടുക്കപ്പെട്ടു.

Messi Won 8th Ballon Dor Emiliano Won Yashin Trophy