കൂക്കിവിളിയിലും എംബാപ്പെ ചാന്റുകളിലും പതറാതെ എമിലിയാനോ മാർട്ടിനസ്, രൂക്ഷമായി പ്രതികരിച്ച് ദ്രോഗ്ബ | Emiliano Martinez

2021ൽ ആദ്യമായി അർജന്റീനക്ക് വേണ്ടി വല കാത്തതിനു ശേഷം എമിലിയാനോ മാർട്ടിനസിനുണ്ടായ വളർച്ച അവിശ്വസനീയമായിരുന്നു. രണ്ടു വർഷത്തിനിടയിൽ ദേശീയ ടീമിന് വേണ്ടി സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ എമിലിയാനോ മാർട്ടിനസ് ഒരു ഗോൾകീപ്പർക്ക് നേടാൻ കഴിയുന്ന പ്രധാനപ്പെട്ട വ്യക്തിഗത അവാർഡുകളും സ്വന്തമാക്കി. ഖത്തർ ലോകകപ്പിൽ ഗോൾഡൻ ഗ്ലോവിനു പിന്നാലെ ഫിഫ ബെസ്റ്റ് ഗോൾകീപ്പർ അവാർഡും കഴിഞ്ഞ ദിവസം യാഷിൻ ട്രോഫിയും താരം സ്വന്തമാക്കി.

ഖത്തർ ലോകകപ്പിനു ശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരം കൂടിയായിരുന്നു എമിലിയാനോ മാർട്ടിനസ്. ലോകകപ്പിന് ശേഷം അർജന്റീന ആരാധകരുടെ ഹീറോയായി മാറിയെങ്കിലും വിജയാഘോഷങ്ങൾക്കിടയിൽ ഫ്രഞ്ച് താരം എംബാപ്പയെ കളിയാക്കിയ രീതിക്കെതിരെ ലോകത്തിന്റെ പല ഭാഗത്തു നിന്നും താരത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ബാലൺ ഡി ഓർ ചടങ്ങിനായി ഫ്രാൻസിൽ എത്തിയപ്പോഴും ആരാധകരുടെ പ്രതിഷേധം താരത്തിന് ഏറ്റു വാങ്ങേണ്ടി വന്നു.

പാരീസിൽ വെച്ചു നടന്ന ചടങ്ങിൽ എത്തിയപ്പോൾ തന്നെ ഫ്രാൻസിലെ ആരാധകർ താരത്തിനെതിരെ എംബാപ്പെ ചാന്റി നടത്തി തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. അതിനു ശേഷം മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ ട്രോഫി സ്വീകരിക്കാൻ വരുന്ന സമയത്ത് ലോകകപ്പ് ഫൈനലിലെ സേവ് കാണിച്ചപ്പോൾ വേദിയിൽ നിന്നാണ് എമിലിയാനോ മാർട്ടിനസിനെതിരെ കൂക്കുവിളി ഉയർന്നത്. പുരസ്‌കാരം നൽകിയ ദിദിയർ ദ്രോഗ്ബ ‘നിങ്ങൾ ബഹുമാനം കാണിക്കൂ’ എന്നു പറഞ്ഞ് ഇതിനെതിരെ ശക്തമായി തന്റെ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം ഇതുപോലെയുള്ള പ്രതിഷേധങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു തന്നെയാണ് എമിലിയാനോ മാർട്ടിനസ് എത്തിയതെന്ന് താരത്തിന്റെ മനോഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചടങ്ങിൽ ആരാധകർ പ്രതിഷേധം ഉയർത്തിയിട്ടും അതിനെ ലാഘവത്തോടെ കണ്ട താരം പുരസ്‌കാരം വാങ്ങുകയും അതിനു ശേഷം അർജന്റീന, ആസ്റ്റൺ വില്ല ടീമുകൾക്ക് ഈ നേട്ടത്തിൽ തന്റെ കടപ്പാട് അറിയിക്കുകയും ചെയ്‌തു.

കഴിഞ്ഞ സീസണിൽ ട്രെബിൾ പുരസ്‌കാരം നേടിയ എഡേഴ്‌സൺ, റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ ക്വർട്ടുവ എന്നിങ്ങനെ പ്രധാനപ്പെട്ട നിരവധി ഗോൾകീപ്പർമാരെ മറികടന്നാണ് പുരസ്‌കാരം സ്വന്തമാക്കിയത്. ഒരുപാട് കാലം അപ്രധാനമായ ടീമുകളിലും ലോണിലുമെല്ലാം കളിച്ച താരം തനിക്ക് തിളങ്ങാൻ ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത് ഉയർന്നു വരികയായിരുന്നു. ആത്മവിശ്വാസത്തിന്റെ ഉദാഹരണമായി എമിലിയാനോയെ ഇതിനൊന്നും തളർത്താനും കഴിയില്ല.

Emiliano Martinez Booed By French Fans