“ഈ അവാർഡ് നിനക്കു കൂടിയുള്ളതാണ്”- ബാലൺ ഡി ഓർ നേടിയതിനു ശേഷം ഹാലൻഡിനോട് ലയണൽ മെസി | Messi

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ബാലൺ ഡി ഓർ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോൾ പ്രതീക്ഷിച്ചതു പോലെത്തന്നെ ലയണൽ മെസിയാണ് അവാർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിൽ കിരീടം സ്വന്തമാക്കിയതാണ് ലയണൽ മെസിയെ എട്ടാം തവണയും പുരസ്‌കാരം സ്വന്തമാക്കാൻ സഹായിച്ചത്. ഇതോടെ ഏറ്റവുമധികം ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ താരമെന്ന റെക്കോർഡിൽ ബഹുദൂരം മുന്നിലെത്താൻ ലയണൽ മെസിക്ക് കഴിഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കുകയും കഴിഞ്ഞ സീസണിൽ റെക്കോർഡ് ഗോൾവേട്ട നടത്തുകയും ചെയ്‌ത ഹാലൻഡിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ലയണൽ മെസി ബാലൺ ഡി ഓർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് വന്നത്. ഹാലാൻഡ് പുരസ്‌കാരം അർഹിക്കുന്നുവെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടെങ്കിലും ലയണൽ മെസിയുടെ ലോകകപ്പിലെ മിന്നുന്ന പ്രകടനത്തെ മറികടക്കാൻ നോർവീജിയൻ താരത്തിന്റെ ഗോൾവേട്ടക്കു കഴിഞ്ഞില്ല.

അതേസമയം പുരസ്‌കാരത്തിനു ശേഷം ലയണൽ മെസി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. തനിക്ക് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ കൊണ്ടു തൃപ്‌തിപ്പെടേണ്ടി വന്ന എർലിങ് ഹാലൻഡിനെയും കിലിയൻ എംബാപ്പയെയും പരാമർശിച്ചു നടത്തിയ പ്രതികരണം മെസിയെപ്പോലൊരു താരത്തിന് മാത്രമേ കഴിയൂവെന്ന കാര്യത്തിൽ സംശയമില്ല. രണ്ടു പേരെയും അഭിനന്ദിച്ച മെസി താൻ നേടിയ പുരസ്‌കാരം ഹാലാൻഡിനു കൂടി അർഹതപ്പെട്ടതാണെന്നാണ് വ്യക്തമാക്കി.

““ഹാലൻഡും എംബാപ്പെയും ഒരു ദിവസം ബാലൺ ഡി ഓർ നേടും. എർലിംഗും ഈ പുരസ്‌ക്കാരത്തിന് വളരെ അർഹനായിരുന്നു. അവൻ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്, അതിലെല്ലാം ടോപ് സ്കോററാകാനും താരത്തിന് കഴിഞ്ഞു. ഇന്നത്തെ ഈ അവാർഡ് നിങ്ങളുടേതു കൂടിയാണ്. അടുത്ത വർഷങ്ങളിൽ നിങ്ങൾ അത് നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.” ബാലൺ ഡി ഓർ നേടിയതിനു ശേഷം നടത്തിയ പ്രസംഗത്തിൽ ലയണൽ മെസി പറഞ്ഞു.

ലയണൽ മെസിയുടെ ഈ വാക്കുകൾ താരത്തിന്റെ മഹത്വം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്ന ഒന്നാണ്. തനിക്കാണ് പുരസ്‌കാരം ലഭിച്ചതെങ്കിലും അതിനൊപ്പം തന്നെ അർഹതയുള്ള മറ്റു താരങ്ങളുമുണ്ടെന്ന് മെസി മനസിലാക്കിയെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഞങ്ങൾ ബാലൺ ഡി ഓർ പുരസ്‌കാരത്തിന്‌ അർഹരാണ് എന്നു പറയുന്ന ഒരു കൂട്ടം താരങ്ങളുടെ ഇടയിലാണ് തനിക്ക് ലഭിച്ച പുരസ്‌കാരം മറ്റുള്ളവർക്ക് കൂടി അർഹതപ്പെട്ടതാണെന്ന് പറയുന്ന മെസി വ്യത്യസ്‌തനായി മാറുന്നത്.

Messi Says Haaland Also Deserved Ballon Dor