വിജയം നിഷേധിച്ചത് വിശ്വസ്‌തരായ താരങ്ങളുടെ അവിശ്വസനീയ പിഴവുകൾ, എങ്കിലും ഈ പോരാട്ടവീര്യം വലിയൊരു പ്രതീക്ഷയാണ് | Daisuke

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ നടന്ന മത്സരം ആരാധകർക്ക് എല്ലാ തരത്തിലും ആവേശം നൽകുന്ന ഒന്നായിരുന്നു. ആദ്യപകുതിയിൽ തന്നെ അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിച്ചാണ് സമനില നേടിയെടുത്തത്. രണ്ടു ഗോളുകൾക്ക് പിന്നിലായിട്ടും തകർത്തു കളിച്ച ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്ന മത്സരം കൂടിയായിരുന്നു ഇത്.

ആദ്യപകുതി അവസാനിക്കുമ്പോൾ രണ്ടിനെതിരെ മൂന്നു ഗോളുകൾ എന്ന നിലയിൽ ഉണ്ടായിരുന്ന ബ്ലാസ്റ്റേഴ്‌സ് അറുപതാം മിനുട്ടിൽ സമനില ഗോൾ കണ്ടെത്തി. അതിനു ശേഷവും ആക്രമണം തുടർന്ന ബ്ലാസ്റ്റേഴ്‌സിന് രണ്ടു സുവർണാവസരങ്ങളാണ് മത്സരം സ്വന്തമാക്കാൻ ലഭിച്ചത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്‌തരായ താരങ്ങൾ തന്നെ അത് നഷ്‌ടപ്പെടുത്തുകയായിരുന്നു. ടീമിന്റെ നായകനായ അഡ്രിയാൻ ലൂണ, ജാപ്പനീസ് താരമായ ഡൈസുകെ സകായി എന്നിവരാണ് അവസരങ്ങൾ തുലച്ചത്.

രണ്ടാം പകുതിയിൽ പെപ്രയാണ് അഡ്രിയാൻ ലൂണക്ക് അവസരം ഒരുക്കി നൽകിയത്. പെപ്ര നൽകിയ പാസ് സ്വീകരിച്ച് ലൂണ ബോക്‌സിലേക്ക് കയറുമ്പോൾ ഗോൾകീപ്പർ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. എന്നാൽ ഗോൾകീപ്പറെ മറികടന്ന് ബോക്‌സിന്റെ മൂലയിലേക്ക് പന്ത് പായിക്കാനുള്ള ശ്രമം പിഴച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിന്റെ പുറത്തേക്കാണ് പോയത്. നിർണായകമായ ഒരു സമയത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു പിഴവായിരുന്നു ലൂണയുടെ ഭാഗത്തു നിന്നും ഉണ്ടായത്.

അതിനേക്കാൾ മികച്ചൊരു അവസരമാണ് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡൈസുകെ തുലച്ചു കളഞ്ഞത്. എൺപത്തിയെട്ടാം മിനുട്ടിൽ ലൂണക്ക് പകരക്കാരനായാണ് ഡൈസുകെ ഇറങ്ങിയത്. അതിനു ശേഷം ഇഞ്ചുറി ടൈമിൽ പ്രതിരോധനിരതാരമായ മിലോസ് ബോക്‌സിലേക്ക് മുന്നേറി വന്ന് ഒരു പാസ് നൽകുമ്പോൾ ഡൈസുകെക്ക് കീഴടക്കാൻ ഗോൾകീപ്പർ പോലും മുന്നിലില്ലായിരുന്നു. എന്നാൽ അവിശ്വസനീയമായ രീതിയിൽ താരം അത് പുറത്തേക്കാണ് തട്ടിയിട്ടത്.

ബ്ലാസ്റ്റേഴ്‌സിന്റെ വിശ്വസ്‌തരായ താരങ്ങൾ വരുത്തിയ പിഴവിൽ വിജയം പോയെങ്കിലും ഇന്നലത്തെ മത്സരം ടീമിനും ആരാധകർക്കും വളരെയധികം ആത്മവിശ്വാസം നൽകുന്നതാണ്. ഒരു ഗോൾ വഴങ്ങിയാൽ തന്നെ വിജയം കൈവിട്ടുമായിരുന്ന ടീമിൽ നിന്നും രണ്ടു ഗോളിന്റെ ലീഡ് അടക്കം തിരിച്ചു പിടിക്കുന്ന ലെവെലിലേക്ക് ബ്ലാസ്റ്റേഴ്‌സ് വളർന്നു. ഈ പോരാട്ടവീര്യം ടീമിന്റെ കുതിപ്പിന് ശക്തി പകരുമെന്നും ഈ സീസണിൽ കിരീടം നേടാൻ കരുത്തേകുമെന്നും ആരാധകർ ഉറച്ചു വിശ്വസിക്കുന്നു.

Daisuke Luna Miss Golden Chances Against CFC