ശരീരം അടിമുടി തളർന്നിട്ടും അവസാനം വരെ ടീമിനായി പോരാടി, യഥാർത്ഥ നായകൻറെ ഹീറോയിസം | Luna

കഴിഞ്ഞ ദിവസം നടന്ന ഐഎസ്എൽ മത്സരത്തിൽ ഇതുവരെ കാണാത്തൊരു പോരാട്ടവീര്യമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. മത്സരം ഇരുപത്തിനാലു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായിപ്പോയ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷം തിരിച്ചു വന്നാണ് സമനില നേടിയെടുത്തത്. ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയോസ് രണ്ടു ഗോളുകൾ നേടിയപ്പോൾ തന്റെ ആദ്യഗോൾ കുറിക്കുകയും ഒരു പെനാൽറ്റി നേടിയെടുക്കുകയും ചെയ്‌ത പെപ്രയും താരമായി.

അസാമാന്യമായ പോരാട്ടവീര്യം കാഴ്‌ച വെച്ച ബ്ലാസ്റ്റേഴ്‌സ് വിജയം നേടേണ്ടിയിരുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. രണ്ടാം പകുതിയിൽ രണ്ടു ടീമുകളും മൂന്നു ഗോളുകൾ വീതം നേടി സമനിലയിൽ ആയതിനു ശേഷം രണ്ടു വമ്പൻ അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചെങ്കിലും അത് രണ്ടും നഷ്‌ടപ്പെടുത്തി. അഡ്രിയാൻ ലൂണയും ഡൈസുകെ സകായുമാണ് അവസരങ്ങൾ നഷ്‌ടപ്പെടുത്തിയത്. അതിൽ ഏതെങ്കിലും ഒന്നു മുതലെടുത്തിരുന്നെങ്കിൽ വിജയം ടീമിനൊപ്പം നിന്നേനെ.

എന്നാൽ അവസരങ്ങൾ തുലച്ചതിന്റെ പേരിൽ ഈ രണ്ടു താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ആരാധകർ പഴിക്കുന്നില്ല. അവർ ടീമിനായി അവസാനം വരെ പൊരുതുന്നവരാണെന്ന ഉറച്ച ബോധ്യമുള്ളതു കൊണ്ടു തന്നെയാണത്. അതിൽ തന്നെ ഇന്നലെ ലൂണ ഇന്നലെ കളിക്കാനിറങ്ങിയത് തന്റെ ശാരീരികമായ പ്രശ്‌നങ്ങളെ കണക്കാക്കാതെയാണ്. മത്സരത്തിനു ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകോമനോവിച്ചാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“കഴിഞ്ഞ രണ്ടു ദിവസവും അഡ്രിയാൻ ലൂണക്ക് പനിയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഒരു പരിശീലന സെഷനും താരത്തിന് നഷ്‌ടമായി. എന്നാൽ ലൂണയുടെ മനോഭാവം വിലമതിക്കാനാവാത്ത ഒന്നായിരുന്നു. കാരണം ബുദ്ധിമുട്ടുകളുടെ ഇടയിലും താരം അവസാന നിമിഷം വരെ ടീമിന്റെ വിജയത്തിനായി പ്രയത്നിച്ചു കൊണ്ടേയിരുന്നു.” മത്സരത്തിൽ എൺപത്തിയെട്ടാം മിനുട്ടിൽ ലൂണയെ പിൻവലിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ഇവാൻ മറുപടി നൽകി.

ശാരീരികാപരമായ ബുദ്ധിമുട്ടുകളുടെ ഇടയിലും മികച്ച പ്രകടനം നടത്തി ഒരു ഗോളിന് വഴിയൊരുക്കാൻ അഡ്രിയാൻ ലൂണക്ക് കഴിഞ്ഞിരുന്നു. തന്റെ ശരീരത്തിന്റെ തളർച്ച കാര്യമാക്കാതെ അവസാനം വരെ ടീമിനായി പൊരുതാനും താരത്തിന് കഴിഞ്ഞു. ഒടുവിൽ മത്സരം തീർന്നപ്പോൾ നിരാശനായി ബെഞ്ചിലിരിക്കുന്ന ലൂണയുടെ ചിത്രം ആരാധകർക്ക് വേദനയും സന്തോഷവും നൽകുന്നതായിരുന്നു. ആ സന്തോഷത്തിന്റെ കാരണം വിജയത്തിൽ കുറഞ്ഞതൊന്നിലും തങ്ങളുടെ നായകൻ സന്തോഷവാനാവില്ല എന്നതായിരുന്നു.

Adrian Luna Played With Fever Against Chennaiyin FC