കേരള ബ്ലാസ്റ്റേഴ്‌സിലെ കഠിനാദ്ധ്വാനി, ലൂണയെ പിന്നിലാക്കിയ പ്രകടനവുമായി ഡൈസുകെ | Daisuke

സീസൺ തുടങ്ങുന്നതിനു തൊട്ടു മുൻപാണ് ജാപ്പനീസ് താരമായ ഡൈസുകെ സകായിയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഈ സീസണിനു വേണ്ടി ഓസ്‌ട്രേലിയയിൽ നിന്നും ടീമിലെത്തിച്ച ജോഷുവ സോട്ടിരിയോക്ക് ട്രൈനിങ്ങിനിടെ പരിക്കേറ്റതിനെ തുടർന്ന് 2024 വരെയുള്ള സീസൺ നഷ്‌ടമാകുമെന്ന് വ്യക്തമായപ്പോഴാണ് ഇരുപത്തിയാറുള്ള ജാപ്പനീസ് താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ജപ്പാന്റെ ജൂനിയർ ടീമുകളിൽ കളിച്ചിട്ടുള്ള താരം തായ്‌ലൻഡ് ക്ലബായ കസ്റ്റം യുണൈറ്റഡിന്റെ താരമായിരുന്നു.

ഡ്യൂറന്റ് കപ്പിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിന് ശേഷമുള്ള ഒരു സൈനിങായതിനാൽ തന്നെ ആരാധകർക്ക് സംശയങ്ങൾ ഉണ്ടായിരുന്നു. നിരവധി മികച്ച താരങ്ങളെ ലക്ഷ്യമിട്ടിട്ടും സ്വന്തമാക്കാൻ കഴിയാതിരുന്ന ബ്ലാസ്റ്റേഴ്‌സ് അവസാനം ആരാധകരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു സൈനിങ്‌ നടത്തിയതാണോ എന്ന പലരും ആശങ്കപ്പെട്ടു. എന്നാൽ ഈ സീസണിലെ രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ടീമിലെ അവിഭാജ്യഘടകമായി മാറുകയാണ് ഡൈസുകെ.

മുന്നേറ്റനിരയിൽ വിങ്ങറാണെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിന്റെ 4-4-2 ശൈലിക്ക് അനുസൃതമായി മധ്യനിരയിലാണ് താരം കളിക്കുന്നത്. അതുകൊണ്ടു തന്നെ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ പങ്കു വഹിക്കേണ്ടത് പ്രധാനമാണ്. തന്റെ ജോലി വളരെ കൃത്യമായി നിർവഹിക്കുന്ന താരം ആദ്യത്തെ മത്സരത്തിൽ മൂന്നു കീ പാസുകൾ നൽകുകയും ശ്രമം നടത്തിയ എല്ലാ ഏരിയൽ ഡുവൽസിലും ഡ്രിബിളിംഗിലും എതിരാളികൾക്ക് മേൽ വിജയം കാണുകയും ചെയ്‌തിരുന്നു.

രണ്ടാമത്തെ മത്സരത്തിലും താരത്തിന്റെ മികച്ച പ്രകടനമുണ്ടായി. ഒരു കീപാസ് നൽകിയ താരം മത്സരത്തിൽ പിറന്ന ഒരേയൊരു ഗോളിൽ നിർണായക പങ്കു വഹിച്ചിരുന്നു. മുന്നേറ്റനിരയിലും ഡിഫെൻസിലും ഒരുപോലെ പ്രവർത്തിക്കുന്നതു കാരണം മത്സരത്തിൽ ഏറ്റവും കൂടുതൽ ദൂരം താണ്ടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരവും ഡൈസുകെയാണ്. 10.4 കിലോമീറ്റർ ജംഷഡ്‌പൂരിനെതിരെ താണ്ടിയ ജാപ്പനീസ് താരം ആദ്യത്തെ മത്സരത്തിൽ ലൂണ നേടിയ നേട്ടമാണ് സ്വന്തമാക്കിയത്.

സോട്ടിരിയോ പരിക്കേറ്റു പുറത്തായത് തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിലവിൽ സ്‌ക്വാഡ് ആഗ്രഹിച്ചതു പോലെയൊരു താരത്തെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചിരിക്കുന്നത്. കൂടുതൽ മത്സരങ്ങൾ കഴിയുന്നതോടെ മുന്നേറ്റനിരയുമായും ടീമുമായും കൂടുതൽ ഒത്തിണക്കം കാണിക്കാൻ താരത്തിന് കഴിയും. മുംബൈ സിറ്റിക്കെതിരായ മത്സരമാണ് നിർണായകമാവുക. മികച്ചൊരു ഫ്രീകിക്ക് ടേക്കർ കൂടിയാണ് ജാപ്പനീസ് താരം.

Daisuke Sakai Shining For Kerala Blasters