“പോർച്ചുഗലിൽ മികച്ച താരങ്ങളുണ്ടെങ്കിലും ഒരു മെസിയില്ലാതെ പോയി”- ദേശീയ ടീമിന്റെ മുൻ താരം പറയുന്നു | Messi

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും അർജന്റീന ദേശീയ ടീം സ്വന്തമാക്കിയപ്പോൾ ടീമിനെ മുന്നിൽ നിന്നു നയിച്ചത് നായകൻ ലയണൽ മെസിയായിരുന്നു. കോപ്പ അമേരിക്ക, ലോകകപ്പ് എന്നീ ടൂർണമെന്റുകളിൽ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയ മെസി തന്റെ സാന്നിധ്യം ടീമിന് എത്രത്തോളം വിലപ്പെട്ടതാണെന്ന് ഓരോ മത്സരത്തിലും തെളിയിക്കുകയും ചെയ്‌തു.

നിരവധി കാലം ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടാൻ പരാജയപ്പെട്ടതിനു ശേഷമാണ് മെസി എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പോർച്ചുഗൽ ദേശീയ ടീമിന്റെ മുൻ താരമായ ഡെക്കോ മെസിയെക്കുറിച്ച് പരാമർശിച്ചു സംസാരിക്കുകയുണ്ടായി. പോർച്ചുഗൽ ടീമിനൊപ്പം ഒരു മെസിയില്ലാത്തതു കൊണ്ടാണ് ലോകകപ്പ് തങ്ങൾക്കു നേടാൻ കഴിയാത്തതെന്നാണ് ഡെക്കോ പറയുന്നത്.

“മെസി അവർക്കൊപ്പം ഉണ്ടായിരുന്നതു കൊണ്ടാണ് അർജന്റീന ടീം ലോകകപ്പ് നേടിയത്. ഞങ്ങളെ സംബന്ധിച്ച് മികച്ച താരങ്ങളുടെ ഒരു തലമുറ തന്നെ പോർച്ചുഗൽ ടീമിനൊപ്പമുണ്ട്. പക്ഷെ ഞങ്ങളുടെ കൂടെ മെസി ഇല്ലായിരുന്നു.” ഡെക്കോ പറഞ്ഞു. ലയണൽ മെസിക്കൊപ്പം ബാഴ്‌സലോണയിലും റൊണാൾഡോക്കൊപ്പം പോർച്ചുഗൽ ടീമിലും കളിച്ച താരമാണ് ഡെക്കോ.

ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ റൊണാൾഡോയും താരത്തിന് കൂട്ടായി മികച്ചൊരു യുവനിരയും ഉണ്ടായിട്ടും അതു മുതലെടുത്ത് ലോകകപ്പ് നേടാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടില്ല. അതേസമയം റൊണാൾഡോയുടെ കൂടി പിൻബലത്തിൽ യൂറോ കപ്പ് സ്വന്തമാക്കാൻ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. അടുത്ത യൂറോ കപ്പ് കൂടി സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് പോർച്ചുഗൽ.

Deco Says Portugal Need Messi To Win World Cup