ഫൈനലാണോ ഡി മരിയ ഗോളടിച്ചിരിക്കും, തകർപ്പൻ ഗോളുമായി ബെൻഫിക്കക്ക് കിരീടം നേടിക്കൊടുത്ത് അർജന്റൈൻ താരം | Di Maria

രണ്ടു പതിറ്റാണ്ടിലധികം കാലം കിരീടങ്ങളില്ലാതെ ബുദ്ധിമുട്ടിയിരുന്ന അർജന്റീന ടീം കഴിഞ്ഞ രണ്ടു വർഷത്തിൽ മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിൽ നിർണായക പങ്കു വഹിച്ച താരമാണ് ഏഞ്ചൽ ഡി മരിയ. ഈ മൂന്നു കിരീടങ്ങൾ നേടാനുള്ള കലാശപ്പോരാട്ടത്തിലും ഗോളുകൾ നേടി നിർണായക ഘട്ടങ്ങളിൽ തനിക്ക് തിളങ്ങാൻ കഴിയുമെന്ന് താരം തെളിയിച്ചു. ഇപ്പോൾ ബെൻഫിക്കക്കൊപ്പവും അതാവർത്തിച്ചിരിക്കുകയാണ് താരം.

യുവന്റസ് കരാർ അവസാനിച്ചതോടെ തന്റെ മുൻ ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറിയ താരം കഴിഞ്ഞ ദിവസം നടന്ന പോർച്ചുഗീസ് സൂപ്പർകപ്പ് മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങി ഗംഭീരപ്രകടനമാണ് നടത്തിയത്. മത്സരത്തിന്റെ അറുപത്തിയൊന്നാം മിനുട്ടിലാണ് ബെൻഫിക്കയുടെ ആദ്യത്തെ ഗോൾ ഡി മരിയ നേടുന്നത്. അതിനു ശേഷം പീറ്റർ മൂസ നേടിയ ഗോളിൽ ബെൻഫിക്ക ലീഡ് ഉയർത്തുകയും വിജയമുറപ്പിക്കുകയും ചെയ്‌തു.

അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ടീമിൽ ഇടം നേടുന്നതിന് വേണ്ടിയാണ് സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഓഫറുകൾ തഴഞ്ഞ് ഡി മരിയ യൂറോപ്പിൽ തന്നെ തുടർന്നത്. ബെൻഫിക്കയിലേക്ക് തിരിച്ചു പോയ താരം പ്രീ സീസൺ ഫ്രണ്ട്ലി അടക്കം ആര് മത്സരങ്ങളാണ് കളിച്ചത്. ഈ മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ ടീമിന് വേണ്ടി നേടാൻ താരത്തിന് കഴിഞ്ഞു.

അർജന്റീനയുടെ മൂന്നു കിരീടനേട്ടങ്ങളിലും കൂടെയുണ്ടായിരുന്ന നിക്കോളാസ് ഓട്ടമെൻഡിയും ഇന്നലത്തെ കിരീടനേട്ടത്തിൽ പങ്കാളിയായിരുന്നു. ബെൻഫിക്കക്ക് ക്ലീൻഷീറ്റ് നേടാൻ താരത്തിന്റെ പ്രകടനം നിർണായകമായി. കഴിഞ്ഞ സീസണിൽ പോർട്ടോയെ രണ്ടു പോയിന്റ് വ്യത്യാസത്തിൽ മറികടന്ന് ലീഗ് നേടിയ ബെൻഫിക്കക്ക് ഇത്തവണയും അതാവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷ ഇതോടെ വർധിച്ചിട്ടുണ്ട്.

Di Maria Goal Helped Benfica To Win Portugese Super Cup