പരിഹസിക്കുന്നവരുടെ വായടപ്പിക്കുന്ന പ്രകടനം, ടോപ് സ്കോററായി സൗദിയിൽ ആദ്യകിരീടം സ്വന്തമാക്കുന്നതിനരികെ റൊണാൾഡോ | Ronaldo

ജനുവരിയിൽ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്. സീസൺ പകുതിയാകുമ്പോഴാണ് എത്തിയതെങ്കിലും ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായി ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ സൗദി അറേബ്യയിൽ കിരീടങ്ങളൊന്നും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ താരത്തിനെതിരെ വളരെയധികം ട്രോളുകളും ഉണ്ടായിരുന്നു.

എന്നാൽ ഈ സീസണിൽ അതിനെല്ലാം പരിഹാരമുണ്ടാക്കാൻ ഉറപ്പിച്ചാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത്. കഴിഞ്ഞ ദിവസം അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ സെമി ഫൈനലിൽ ഇറാഖി ക്ലബായ അൽ ഷോർത്തക്കെതിരെ അൽ നസ്ർ വിജയം നേടിയതോടെ സൗദിയിൽ ആദ്യത്തെ കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഒരു മത്സരം മാത്രം അകലെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദിയിലെ തന്നെ ക്ലബായ അൽ ഹിലാലാണ് ഫൈനലിൽ റൊണാൾഡോയുടെയും സംഘത്തിന്റെയും എതിരാളികൾ.

കഴിഞ്ഞ സീസണിൽ മികച്ച സഹതാരങ്ങൾ ഇല്ലാത്തത് റൊണാൾഡോയെ ബാധിച്ചപ്പോൾ ഈ സീസണിൽ മാനെ, ബ്രോസോവിച്ച് എന്നിവർ ക്ലബ്ബിലേക്ക് വന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ മാനെ മികച്ച പ്രകടനം നടത്തിയപ്പോൾ റൊണാൾഡോയാണ് പെനാൽറ്റിയിലൂടെ ടീമിന്റെ വിജയഗോൾ നേടിയത്. കഴിഞ്ഞ നാല് മത്സരങ്ങളിലും ടീമിനായി ഗോൾ നേടിയ റൊണാൾഡോ തന്നെയാണ് അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ടോപ് സ്‌കോറർ. കഴിഞ്ഞ മത്സരത്തിൽ കളിയിലെ താരവും റൊണാൾഡോയായിരുന്നു.

മികച്ച പ്രകടനം നടത്തി അൽ നസ്‌റിനെ ആദ്യമായി അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ ഫൈനലിലേക്ക് നയിച്ചെങ്കിലും കലാശപ്പോരാട്ടം അവർക്ക് അത്ര എളുപ്പമായിരിക്കില്ലെന്ന് ഉറപ്പാണ്. മാൽക്കം, മിലിങ്കോവിച്ച് സാവിച്ച്, റൂബൻ നെവസ്, കൂളിബാളി തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന അൽ ഹിലാൽ വലിയ വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. കഴിഞ്ഞ മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും അവർ നേടിയ മികച്ച വിജയം ടീമിന്റെ കരുത്ത് വ്യക്തമാക്കുന്നു.

Ronaldo Send Al Nassr To Arab Club Champions Cup Final