ആ ഫ്രീകിക്ക് ഗോൾ നേടാൻ മെസി കള്ളത്തരം കാണിച്ചു, തെളിവ് സഹിതം പ്രതിഷേധിച്ച് ആരാധകർ | Messi

എഫ്‌സി ഡള്ളാസും ഇന്റർ മിയാമിയും തമ്മിലുള്ള ലീഗ്‌സ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരം കഴിഞ്ഞപ്പോൾ താരമായത് മെസി തന്നെയായിരുന്നു. തോൽവിയുടെ വക്കത്ത് നിന്നിരുന്ന ഇന്റർ മിയാമിക്ക് എൺപത്തിയഞ്ചാം മിനുട്ടിൽ നേടിയ ഫ്രീ കിക്കിലൂടെ സമനില നേടിക്കൊടുത്ത മെസി മത്സരത്തിൽ പിറന്ന നാല് ഗോളിലും പങ്കാളിയായിരുന്നു. അതിനു പുറമെ പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യത്തെ കിക്ക് താരം ഗോളാക്കി മാറ്റുകയും ചെയ്‌തു.

എന്നാൽ ലയണൽ മെസി നേടിയ നിർണായക ഫ്രീകിക്ക് ഗോളിൽ താരം കള്ളത്തരം കാണിച്ചുവെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. ലയണൽ മെസിക്ക് ഫ്രീ കിക്ക് എടുക്കാൻ റഫറി മാർക്ക് ചെയ്‌ത സ്ഥലത്തു നിന്നല്ല താരം ഫ്രീ കിക്ക് എടുത്തതെന്നും റഫറിയുടെ ശ്രദ്ധ മാറിയ സമയത്ത് താരം നിരവധി തവണ പന്ത് മാറ്റിവെച്ചുവെന്നുമാണ് വീഡിയോ സഹിതം ചില ആരാധകർ വിമർശിക്കുന്നത്.

അതേസമയം ഇവർക്ക് മറുപടിയുമായി മെസി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്. റഫറി മാർക്ക് ചെയ്‌ത പൊസിഷനിൽ നിന്നും മാറ്റി ഫ്രീ കിക്ക് എടുക്കുന്നത് പതിവുള്ള കാര്യമാണെന്നും നിരവധി താരങ്ങൾ അങ്ങിനെ ചെയ്യാറുണ്ടെന്നും അവർ പറയുന്നു. റഫറിയാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടതെന്നും മെസി കിക്കെടുത്ത പൊസിഷനിൽ നിന്നും ഗോൾ നേടാൻ പ്രയാസമാണെന്നും അവർ വ്യക്തമാക്കുന്നു.

ലയണൽ മെസിക്കു വേണ്ടി എംഎൽഎസ് റഫറിമാർ കണ്ണടക്കുന്നുണ്ടെന്ന വിമർശനം മെസി ഇന്റർ മിയാമിക്കായി കളിച്ച ആദ്യ മത്സരം മുതലുണ്ട്. എന്നാൽ അതൊന്നും കാര്യമാക്കാതെ തന്റെ ഏറ്റവും മികച്ച പ്രകടനം താരം ടീമിനായി നടത്തുന്നുണ്ട്. ഇന്റർ മിയാമിയെ ലീഗ്‌സ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിക്കാനും താരത്തിന് കഴിഞ്ഞു.

Messi Cheated On Freekick Vs FC Dallas