സെമിയിലേക്ക് മുന്നേറാൻ ഇന്റർ മിയാമിക്ക് സുവർണാവസരം, എതിരാളികൾ ആരെന്നു തീരുമാനമായി | Inter Miami

ലയണൽ മെസി വന്നതിനു ശേഷം അമേരിക്കൻ ക്ലബായ ഇന്റർ മിയാമി തകർപ്പൻ ഫോമിൽ കളിച്ചു കൊണ്ടിരിക്കുകയാണ്. നാല് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകളുമായി ലയണൽ മെസി മുന്നിൽ നിന്ന് നയിക്കുമ്പോൾ ക്ലബ് ചരിത്രത്തിലെ ആദ്യകിരീടമെന്ന ലക്ഷ്യത്തിലേക്ക് കൂടിയാണ് ഇന്റർ മിയാമി മുന്നേറുന്നത്. നിലവിൽ മെസി കളിച്ച മത്സരങ്ങളെല്ലാം ലീഗ് കപ്പ് ടൂർണമെന്റിലേതാണ്. എംഎൽഎസിൽ ഇതുവരെ ഒരു മത്സരത്തിനു പോലും മെസി ഇറങ്ങിയിട്ടില്ല.

നാല് മത്സരങ്ങളിൽ നാല് വിജയം സ്വന്തമാക്കിയതോടെ ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ലയണൽ മെസിയും സംഘവും എത്തിക്കഴിഞ്ഞു. അടുത്ത മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ ആരാണെന്ന് കഴിഞ്ഞ ദിവസം തീരുമാനമായിരുന്നു. എംഎൽഎസ് ക്ലബായ ഷാർലറ്റ് എഫ്‌സിയാണ് ക്വാർട്ടർ ഫൈനലിൽ ഇന്റർ മിയാമിയുടെ എതിരാളികൾ. സെമിയിലേക്ക് മുന്നേറാൻ ഇന്റർ മിയാമിക്ക് വലിയ അവസരമാണ് ഇതിലൂടെ വന്നിരിക്കുന്നത്.

പ്രധാനപ്പെട്ട കാര്യം ക്വാർട്ടർ ഫൈനൽ നടക്കുന്നത് ഇന്റർ മിയാമിയുടെ മൈതാനമായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ വെച്ചാണ്. അതുകൊണ്ടു തന്നെ ഹോം ഗ്രൗണ്ട് എന്ന പിന്തുണ ഇന്റർ മിയാമിക്ക് ലഭിക്കും. ഇവിടെ വെച്ച് നടന്ന മത്സരങ്ങളിലെല്ലാം ഇന്റർ മിയാമിക്ക് മുൻതൂക്കമുണ്ടായിരുന്നു. അതേസമയം എഫ്‌സി ഡള്ളാസിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ തോൽ‌വിയുടെ വക്കിൽ നിന്നുമാണ് ഇന്റർ മിയാമി തിരിച്ചു വന്നു വിജയം നേടിയത്.

മറ്റൊന്ന് കഴിഞ്ഞ മത്സരത്തിൽ ഇന്റർ മിയാമി നേരിട്ട എഫ്‌സി ഡള്ളാസിനെ അപേക്ഷിച്ച് അത്ര മികച്ച ഫോമിലല്ല ഷാർലറ്റ് എഫ്‌സി. ലീഗ് കപ്പിന്റെ ഗ്രൂപ്പിൽ അവർ ഡള്ളാസിനെ മറികടന്ന് ഒന്നാമത് എത്തിയിരുന്നെങ്കിലും എംഎൽഎസ് ഈസ്റ്റേൺ കോൺഫറൻസിൽ അവർ പന്ത്രണ്ടാം സ്ഥാനത്താണ്. അതേസമയം എഫ്‌സി ഡള്ളാസ് വെസ്റ്റേൺ കോൺഫറൻസിൽ എട്ടാം സ്ഥാനത്തു നിൽക്കുന്ന ടീമായിരുന്നു.

ലയണൽ മെസിയുടെ മികച്ച പ്രകടനം തന്നെയാണ് ഇന്റർ മിയാമിക്ക് കരുത്ത് നൽകുന്നത്. ഇതിൽ വിജയിച്ചാൽ കിരീടമെന്ന ലക്ഷ്യത്തിലേക്ക് ഇന്റർ മിയാമി ഒരു ചുവടുകൂടി അടുക്കും. ഇന്ത്യൻ സമയം ശനിയാഴ്‌ച രാവിലെ അഞ്ചരക്കാണ് ഇന്റർ മിയാമിയുടെ മത്സരം. അതിൽ വിജയിക്കാൻ കഴിഞ്ഞാൽ ഫിലാഡൽഫിയ യൂണിയൻ അല്ലെങ്കിൽ ക്യുറേറ്ററോ എഫ്‌സി എന്നിവയെയാകും സെമിയിൽ ഇന്റർ മിയാമി നേരിടേണ്ടി വരിക.

Inter Miami To Face Charlotte FC In Leagues Cup Quarter Final