ലയണൽ മെസിയുടെ എതിരാളിയാകാൻ നെയ്‌മർ, ബ്രസീലിയൻ താരം എംഎൽഎസ് ട്രാൻസ്‌ഫർ പരിഗണിക്കുന്നു | Neymar

നെയ്‌മർ ജൂനിയർ പിഎസ്‌ജിയിൽ തൃപ്‌തനല്ലെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ക്ലബ് വിടാനുള്ള താൽപര്യം താരം പല തവണ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും ബ്രസീലിയൻ താരത്തെ വിട്ടുകൊടുക്കാൻ പിഎസ്‌ജി തയ്യാറായില്ല. അതേസമയം പിഎസ്‌ജിക്ക് താരത്തെ വിൽക്കാൻ താൽപര്യം ഉണ്ടായിരുന്ന സമയത്ത് നെയ്‌മർ ക്ലബ് വിടാനും തയ്യാറായില്ല.

എന്നാൽ ഈ സമ്മറിൽ നെയ്‌മർ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണ്. എൻറിക് പരിശീലകനായി എത്തുകയും എംബാപ്പെ പിഎസ്‌ജി വിടാനുള്ള സാധ്യത വർധിക്കുകയും ചെയ്‌തതോടെ നെയ്‌മർ തുടരുമെന്ന് പ്രതീക്ഷിച്ചെങ്കിലും റിപ്പോർട്ടുകൾ പ്രകാരം ക്ലബ് വിടണമെന്ന് ബ്രസീലിയൻ താരം പിഎസ്‌ജി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നെയ്‌മർ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. സൗദി ക്ലബുകളും താരത്തിനായി രംഗത്തുണ്ട്.

അതിനിടയിൽ നെയ്‌മർ എംഎൽഎസിലേക്ക് ചേക്കേറാൻ താൽപര്യപ്പെടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. നെയ്‌മറുടെ അടുത്ത സുഹൃത്തായ ലയണൽ മെസി എംഎൽസിലേക്ക് ചേക്കേറിയിരുന്നു. മെസിയുടെ പാത പിന്തുടർന്നാണ് താരം അമേരിക്കയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നതെന്ന് വേണം കരുതാൻ. അതേസമയം യൂറോപ്പിൽ നിന്നും മികച്ച ഓഫറുകളുണ്ടെങ്കിൽ അതിനു തന്നെയാകും നെയ്‌മർ മുൻഗണന നൽകുക.

നെയ്‌മർ എംഎൽഎസിലേക്ക് ചേക്കേറിയാലും ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിൽ ഒരുമിക്കുമെന്ന് കരുതാൻ കഴിയില്ല. താരത്തിനായി ഇന്റർ മിയാമി നിലവിൽ നീക്കമൊന്നും നടത്തിയിട്ടില്ല എന്നിരിക്കെ ലോസ് ഏഞ്ചൽസ് എഫ്‌സി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ലയണൽ മെസിയും നെയ്‌മറും എതിരാളികളായി വരുന്നതിനേക്കാൾ ഒരുമിച്ച് കളിക്കാനാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Neymar Consider Move To MLS