പത്ത് മിനുട്ടു കൊണ്ട് മത്സരത്തിന്റെ ഗതി മാറ്റിയ പതിനാറുകാരൻ, ബാഴ്‌സലോണയിൽ പുതിയ താരോദയം | Lamine Yamal

ടോട്ടനം ഹോസ്പേറുമായി കഴിഞ്ഞ ദിവസം നടന്ന ജോയൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സലോണയെ വിജയത്തിലേക്ക് നയിച്ച് പകരക്കാരനായിറങ്ങിയ പതിനാറുകാരൻ താരം. ബാഴ്‌സലോണ യൂത്ത് ടീമിലെ താരമായ ലാമിൻ യമാലാണ് തോൽവി വഴങ്ങുമെന്ന് ഉറപ്പിച്ചിരുന്ന മത്സരത്തിന്റെ മൊത്തം ഗതിയും മാറ്റി വിട്ടത്. അവസാന പത്ത് മിനുട്ടിൽ ബാഴ്‌സലോണ നേടിയ മൂന്നു ഗോളിലും താരത്തിന്റെ പങ്കാളിത്തമുണ്ടായിരുന്നു.

ലെവൻഡോസ്‌കിയുടെ ഗോളിൽ ബാഴ്‌സലോണ മൂന്നാം മിനുട്ടിൽ തന്നെ മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയിൽ തന്നെ ടോട്ടനം തിരിച്ചടിക്കും. ടോട്ടനം മധ്യനിര താരമായ ഒലിവർ സ്കൈപ്പ് ഇരുപത്തിനാലാം മിനുട്ടിലും മുപ്പത്തിയാറാം മിനുട്ടിലും നേടിയ ഗോളുകളാണ് അവരെ മുന്നിലെത്തിക്കുക. അതിനു ശേഷം തിരിച്ചുവരാൻ ബാഴ്‌സലോണ നിരവധി ശ്രമങ്ങൾ നടത്തുമെങ്കിലും ഒന്നും ഫലം കണ്ടില്ല.

എന്നാൽ എൺപതാം മിനുട്ടിൽ സാവി ലാമിൻ യമാലിനെ ഇറക്കിയതോടെ മത്സരത്തിന്റെ ഗതി മാറുകയായിരുന്നു. വളരെ അനായാസവും എന്നാൽ തന്ത്രപൂർണവുമായ ചുവടുകളിലൂടെയും മികച്ച പാസുകളിലൂടെയും താരം കളിക്കളത്തിൽ നിറഞ്ഞാടുന്നതാണ് കണ്ടത്. ഫെറൻ ടോറസ് നേടിയ സമനില ഗോളിന് അസിസ്റ്റ് നൽകിയ താരം അതിനു ശേഷം ഇഞ്ചുറി ടൈമിൽ പിറന്ന രണ്ടു ഗോളിന് പിന്നിലും പ്രവർത്തിച്ചു.

ഫെറൻ ടോറസ്, അബ്ദുസമദ്‌ എസ്ൽസൂലി എന്നിവരാണ് ഗോളുകൾ നേടി ബാഴ്‌സലോണയ്ക്ക് വിജയം നൽകിയതെങ്കിലും അതിനു പിന്നിൽ പ്രവർത്തിച്ചത് യമാലിന്റെ കാലുകളായിരുന്നു. കഴിഞ്ഞ സീസണിൽ തന്നെ ചെറുതായി ശ്രദ്ധിക്കപ്പെട്ടിരുന്നു താരം ഈ സീസണിൽ തനിക്ക് ടീമിന് കൂടുതൽ സംഭാവന നൽകാൻ കഴിയുമെന്ന് ഇന്നലത്തെ മത്സരത്തിൽ തെളിയിച്ചു. ലാ മാസിയ പ്രോഡക്റ്റാണ് യമാൽ.

Lamine Yamal Superb Performance Against Tottenham