ഞായറാഴ്‌ച കഴിഞ്ഞാൽ ഗുണ്ടോഗൻ ക്ലബ് വിട്ടേക്കും, ബാഴ്‌സലോണ കടുത്ത പ്രതിസന്ധിയിൽ | Barcelona

അടുത്ത സീസണിലേക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ബാഴ്‌സലോണയ്ക്ക് കനത്ത തിരിച്ചടി നൽകിയാണ് ടീമിലെ പ്രധാനതാരമാകുമെന്ന് പ്രതീക്ഷിച്ച ഒസ്മാനെ ഡെംബലെ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. ഇതുവരെ ട്രാൻസ്‌ഫർ നീക്കങ്ങൾ പൂർത്തിയായിട്ടില്ലെങ്കിലും ഡെംബലെ ക്ലബ് വിടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. അതേസമയം ഡെംബലെയുടെ പിന്നാലെ ഒരു മാസം മുൻപ് ടീമിലെത്തിയ ഗുൻഡോഗനും ക്ലബ് വിടുമോയെന്ന ആശങ്കയിലാണ് ബാഴ്‌സലോണ നേതൃത്വം.

മാഞ്ചസ്റ്റർ സിറ്റി കരാർ അവസാനിച്ചതിന് പിന്നാലെയാണ് ജർമൻ താരം ബാഴ്‌സലോണയിലേക്ക് ചേക്കേറിയത്. താരത്തെ സ്വന്തമാക്കാൻ പിഎസ്‌ജി, ആഴ്‌സണൽ തുടങ്ങിയ ടീമുകൾ ശ്രമം നടത്തിയിരുന്നെങ്കിലും സാവിയുടെ ഇടപെടലുകൾ ഗുണ്ടോഗനെ ബാഴ്‌സലോണയിലേക്ക് എത്തിച്ചു. അതേസമയം കരാർ ഒപ്പിടുമ്പോൾ ജർമൻ താരം അതിൽ വെച്ച ഉടമ്പടിയാണ് ഒരു മാസത്തിനകം തന്നെ ബാഴ്‌സലോണ വിടാനുള്ള സാധ്യത വർധിപ്പിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണ ഇതുവരെ സ്വന്തമാക്കിയ താരങ്ങളെ രെജിസ്റ്റർ ചെയ്‌തിട്ടില്ല. ഈ ഞായറാഴ്‌ചക്കകം തന്നെ രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ ക്ലബ് വിടാമെന്ന ഉടമ്പടിയാണ് ഗുണ്ടോഗന്റെ കരാറിലുള്ളത്. താരം അതുപയോഗിക്കാൻ തീരുമാനിച്ചാൽ സ്വന്തമാക്കി ഒരു മാസത്തിനകം തന്നെ ഗുണ്ടോഗനെ നഷ്‌ടമാകുന്ന സാഹചര്യമാകും ബാഴ്‌സലോണ നേരിടാൻ പോകുന്നത്.

ഞായറാഴ്‌ചയാണ്‌ ബാഴ്‌സലോണ ലീഗിൽ ആദ്യത്തെ മത്സരം കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ലീഗ് കിരീടം നേടിയ ടീം അത് നിലനിർത്താനുള്ള പോരാട്ടത്തിൽ ആദ്യം നേരിടുന്നത് ഗെറ്റാഫയെയാണ്. മത്സരത്തിന് മുൻപ് ഗുണ്ടോഗനെ രജിസ്റ്റർ ചെയ്യാൻ കഴിയുമോയെന്നാണ് ബാഴ്‌സ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഡെംബലെ, കെസി എന്നിവർ ക്ലബ് വിടുമെന്നതിനാൽ ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് ബാഴ്‌സലോണ പ്രതീക്ഷിക്കുന്നത്.

Gundogan Can Leave Barcelona On Sunday