ലോകകപ്പ് നഷ്‌ടമാകുമോ ഡി മരിയക്ക്, താരത്തിന്റെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങൾ

അർജന്റീനിയൻ ആരാധകരുടെ മനസ്സിൽ തീ കോരിയിട്ടാണ് ഇന്നലെ മക്കാബി ഹൈഫക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ യുവന്റസിനു വേണ്ടി ഇറങ്ങിയ മുന്നേറ്റനിര താരം ഏഞ്ചൽ ഡി മരിയ പരിക്കേറ്റു പുറത്തു പോകുന്നത്. മത്സരം തുടങ്ങി വെറും ഇരുപത്തിനാലു മിനുട്ട് പിന്നിട്ടപ്പോഴാണ് ഈ സമ്മറിൽ പിഎസ്‌ജിയിൽ നിന്നും യുവന്റസിലെത്തിയ താരത്തിന് പരിക്കേൽക്കുന്നത്. ഇറ്റാലിയൻ ക്ലബിലെത്തിയതിനു ശേഷം രണ്ടാമത്തെ തവണ പരിക്കേൽക്കുന്ന താരത്തിന് പകരക്കാരനായി ആർക്കഡിയുസ് മിലിക്കാണ് കളത്തിലിറങ്ങിയത്.

അർജന്റീന അടുത്ത് കോപ്പ അമേരിക്ക, ലാ ഫൈനലൈസിമ കിരീടങ്ങൾ നേടിയപ്പോൾ കലാശപ്പോരിൽ ഗോൾ നേടിയ താരമാണ് ഏഞ്ചൽ ഡി മരിയ. അതുകൊണ്ടു തന്നെ താരത്തിന്റെ പരിക്ക് അർജന്റീന ആരാധകർക്ക് വലിയ ആശങ്കയാണ് സമ്മാനിച്ചത്. ലോകകകപ്പിനു നാൽപതു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അർജന്റീന മുന്നേറ്റനിരയിലെ പ്രധാന താരമായ ഡി മരിയക്ക് പരിക്കു പറ്റുന്നത്. ഇതോടെ നവംബർ 20 മുതൽ നടക്കാനിരിക്കുന്ന ലോകകപ്പ് ടൂർണമെന്റ് താരത്തിന് നഷ്‌ടമാകുമോ എന്ന സംശയം ആരാധകർക്കുണ്ട്.

ഏഞ്ചൽ ഡി മരിയയുടെ പരിക്കിനെ സംബന്ധിച്ച് യുവന്റസിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും പ്രാഥമിക വിവരങ്ങൾ പറയുന്നത് ലോകകപ്പിനു മുൻപ് താരത്തിന് തിരിച്ചെത്താൻ കഴിയുമെന്നാണ്. താരത്തിന് മസിലിനാണു പരിക്കേറ്റതെന്നും ഹാംസ്ട്രിങ് ഇഞ്ചുറിയാണ് പറ്റിയതെന്നും റിപ്പോർട്ടുകളുണ്ട്. ശസ്ത്രക്രിയ വേണ്ടി വരില്ലെങ്കിൽ നാലാഴ്‌ചക്കുള്ളിൽ തിരിച്ചുവരാൻ ഡി മരിയക്ക് കഴിയും. അങ്ങിനെയെങ്കിൽ ലോകകപ്പ് ടീമിനൊപ്പം ചേരാനും താരത്തിനാവും. ഇന്ന് നടത്തുന്ന പരിശോധനയിലാണ് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുക.

പരിക്കിനെ സംബന്ധിച്ച് പുറത്തു വരുന്ന പ്രാഥമിക വിവരങ്ങൾ അർജന്റീനക്ക് ആശ്വാസമാണെങ്കിലും ഏഞ്ചൽ ഡി മരിയക്ക് ഈ സീസണിൽ രണ്ടാമത്തെ തവണയാണ് പരിക്കേൽക്കുന്നതെന്നത് ആശങ്ക തന്നെയാണ്. നിലവിൽ ടീമിന്റെ മുന്നേറ്റനിരയിൽ ലയണൽ മെസിക്കൊപ്പം ഏറ്റവും മികച്ച രീതിയിൽ ഒത്തിണങ്ങി കളിക്കാനും ഗോളുകൾ നേടാനും കഴിയുന്ന താരത്തിന്റെ സാന്നിധ്യം ലോകകപ്പിൽ അർജന്റീനക്ക് നിർണായകമാണ്. അതുകൊണ്ടു തന്നെ ലോകകപ്പിനിടെ താരത്തിന് പരിക്കേറ്റാലും അത് ടീമിന്റെ പ്രകടനത്തെ ബാധിക്കും.

അതേസമയം ഡി മരിയയുടെ പരിക്ക് ഇന്നലെ നടന്ന മത്സരത്തിൽ യുവന്റസിനും വലിയ തിരിച്ചടിയാണ് നൽകിയത്. ഇസ്രായേലി ക്ലബായ മക്കാബി ഹൈഫ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസിനെ കീഴടക്കിയത്. ഇതോടെ ചാമ്പ്യൻസ് ലീഗിലെ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും തോറ്റ യുവന്റസ് ടൂർണമെന്റിൽ നിന്നും പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്ന രണ്ടു മത്സരങ്ങൾ വിജയിക്കുകയും ബെൻഫിക്ക രണ്ടു മത്സരങ്ങൾ തോൽക്കുകയും ചെയ്‌താൽ മാത്രമേ യുവന്റസിന് പ്രതീക്ഷയുള്ളൂ.