റയൽ മാഡ്രിഡിനെ രക്ഷിച്ചത് ക്രൂസിന്റെ ബുദ്ധി, റുഡിഗറുടെ സമനില ഗോളിനുള്ള തന്ത്രം മെനഞ്ഞത് ജർമൻ താരം

ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ യുക്രൈൻ ക്ലബായ ഷക്തറിനോട് അവസാന നിമിഷത്തിൽ നേടിയ ഗോളിന്റെ പിൻബലത്തിലാണ് റയൽ മാഡ്രിഡ് തോൽ‌വിയിൽ നിന്നും രക്ഷപ്പെട്ടത്. മത്സരം തീരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ടോണി ക്രൂസിന്റെ മനോഹരമായൊരു ക്രോസിൽ നിന്നും റയൽ മാഡ്രിഡ് പ്രതിരോധതാരം അന്റോണിയോ റുഡിഗറാണ് റയൽ മാഡ്രിഡിന്റെ സമനില ഗോൾ നേടിയത്. ഇതോടെ ഈ സീസണിൽ ഇതുവരെ പരാജയം അറിഞ്ഞിട്ടില്ലെന്ന നേട്ടം നിലനിർത്താൻ റയൽ മാഡ്രിഡിനു കഴിഞ്ഞു.

റയൽ മാഡ്രിഡ് അവസാനനിമിഷം നേടിയ ഗോളിൽ പരാജയം ഒഴിവാക്കിയതിനൊപ്പം ചർച്ചയാകുന്നത് ആ ഗോൾ വന്ന വഴിയാണ്. സാധാരണ പരിശീലകരാണ് ടീമിന്റെ തന്ത്രങ്ങൾ കൃത്യമായി മൈതാനത്ത് നടപ്പിലാക്കുകയെങ്കിൽ റയൽ മാഡ്രിഡിന്റെ സമനില ഗോളിലേക്കുള്ള തന്ത്രം മെനഞ്ഞത് മധ്യനിര താരമായ ടോണി ക്രൂസാണ്. പരിചയസമ്പന്നനായ ജർമൻ താരത്തിന്റെ സാന്നിധ്യം കളിക്കളത്തിൽ റയൽ മാഡ്രിഡ് പോലൊരു ടീമിനെ എത്രത്തോളം സഹായിക്കുന്നു എന്നതിന്റെ തെളിവു കൂടിയായിരുന്നു അന്റോണിയോ റൂഡിഗർ നേടിയ ഗോൾ.

അവസാന നിമിഷങ്ങളിൽ പന്തു കൈവശം വന്ന ടോണി ക്രൂസ് പിൻനിരയിൽ നിന്നിരുന്ന റുഡിഗറെ വിളിച്ച് മുന്നേറ്റനിരയിലേക്ക് പോകാൻ പറഞ്ഞു. ജർമൻ താരം ഓടി ഷക്തറിന്റെ ബോക്‌സിൽ എത്തിയപ്പോൾ മനോഹരമായൊരു ക്രോസ് ക്രൂസ് ക്രൂസ് നൽകുകയും റുഡിഗർ അത് കരുത്തുറ്റ ഒരു ഹെഡറിലൂടെ വലയിൽ എത്തിക്കുകയുമായിരുന്നു. ഏരിയൽ ബോൾസിൽ അന്റോണിയോ റുഡിഗർക്കുള്ള മേധാവിത്വം ഉപയോഗപ്പെടുത്തി ക്രൂസ് നടത്തിയ തന്ത്രപരമായ നീക്കമാണ് റയൽ മാഡ്രിഡിനെ തോൽ‌വിയിൽ നിന്നും രക്ഷിച്ചത്.

ആ ഗോളിനു മുൻപും സമാനമായ നീക്കം ടോണി ക്രൂസും റുഡിഗറും ചേർന്ന് നടത്തിയിരുന്നു. അത് വിജയം കണ്ടില്ലെങ്കിലും അപ്പോൾ റയൽ മാഡ്രിഡ് ഗോൾ നേടുന്നതിന്റെ തൊട്ടരികിൽ എത്തുകയുണ്ടായി. ഇതേത്തുടർന്നാണ് വീണ്ടും അതേ നീക്കം പരീക്ഷിക്കാൻ ടോണി ക്രൂസ് തീരുമാനിച്ചത്. എതിരാളികളുടെ പിഴവുകളും തങ്ങൾക്ക് മുതലെടുക്കാൻ കഴിയുന്ന ദൗർബല്യങ്ങളും കൃത്യമായി മനസിലാക്കി മത്സരത്തെ വായിച്ച് തന്ത്രങ്ങൾ മെനയാൻ കഴിയുന്ന ക്രൂസിനെപ്പോലൊരു താരം റയൽ മാഡ്രിഡിന് നിർണായകമായ പോരാട്ടങ്ങളിൽ മേധാവിത്വം നൽകുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു.

അതേസമയം ഗോൾ നേടിയതിനു പിന്നാലെ അന്റോണിയോ റുഡിഗർക്ക് പരിക്കു പറ്റിയത് റയൽ മാഡ്രിഡിന് തിരിച്ചടിയായി. ഹെഡറിനിടെ ഷാക്തർ ഗോളിയുമായി കൂട്ടിയിടിച്ച് മുഖത്ത് നിന്നും ചോരയൊലിപ്പിച്ചാണ് ജർമൻ താരം കളിക്കളം വിട്ടത്. അടുത്ത മത്സരം എൽ ക്ലാസിക്കോയാണെന്നിരിക്കെ മികച്ച പോരാട്ടവീര്യം കാഴ്‌ച വെക്കുന്ന റുഡിഗർക്ക് കളിക്കാൻ കഴിയുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്.