മെസിക്കൊപ്പം ഒരുമിക്കാൻ ഡി മരിയയില്ല, പരിഗണിക്കുന്നത് മറ്റൊരു ക്ലബ്ബിനെ | Di Maria

യുവന്റസ് കരാർ അവസാനിച്ച് ഫ്രീ ഏജന്റായി മാറിയ ഏഞ്ചൽ ഡി മരിയയുടെ അടുത്ത ലക്‌ഷ്യം ഏതു ക്ലബാണെന്ന് ആരാധകർ ഉറ്റു നോക്കുകയാണ്. ഖത്തർ ലോകകപ്പ് ഉൾപ്പെടെ രണ്ടു വർഷത്തിനിടെ അർജന്റീന സ്വന്തമാക്കിയ മൂന്നു കിരീടങ്ങളിലും പ്രധാന പങ്കു വഹിച്ച, ടീമിന്റെ ഭാഗ്യതാരമായ ഡി മരിയ അടുത്ത കോപ്പ അമേരിക്കയിലും ടീമിനൊപ്പം വേണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

കോപ്പ അമേരിക്ക ടീമിൽ ഇടം പിടിക്കുകയെന്ന ലക്ഷ്യത്തോടെ യൂറോപ്പിൽ തന്നെ തുടരാനാണ് ഡി മരിയക്ക് താൽപര്യം. ലയണൽ മെസിയെപ്പോലെ അമേരിക്കൻ ലീഗിലേക്ക് ചേക്കേറുകയെന്ന തീരുമാനം താരം എടുക്കാൻ സാധ്യതയില്ല. മെസി ചേക്കേറിയ ക്ലബായ ഇന്റർ മിയാമി ഡി മരിയയെയും സ്വന്തമാക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും താരം ഓഫർ ഇതുവരെ പരിഗണിച്ചിട്ടില്ല.

അതേസമയം യൂറോപ്പിൽ തന്നെ തുടരാനുള്ള ഡി മരിയയുടെ ആഗ്രഹം നടപ്പിലാക്കാനുള്ള സാധ്യത കൂടുതലാണ്. താരത്തിന്റെ മുൻ ക്ലബായ ബെൻഫിക്ക ഡി മരിയക്കായി ശ്രമം നടത്തുന്നുണ്ട്. റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതിനു മുൻപ് ബെൻഫിക്കയിലാണ് ഡി മരിയ കളിച്ചിരുന്നത്. ബെൻഫിക്കയിലേക്ക് ചേക്കേറിയാൽ അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാനും താരത്തിനാകും.

ഡി മരിയയെ സ്വന്തമാക്കാൻ ഇന്റർ മിയാമി ശ്രമങ്ങൾ നടത്തുന്നതിനാൽ തന്നെ താരത്തിന്റെ മനസ് മാറുമോയെന്നു പറയാനാവില്ല. എന്തായാലും മെസിയെപ്പോലെ താരം അമേരിക്കൻ ലീഗിലേക്ക് ചേക്കേറരുത് എന്ന് തന്നെയാകും ആരാധകർ ആഗ്രഹിക്കുന്നുണ്ടാവുക. അമേരിക്കൻ ലീഗിലേക്ക് ചേക്കേറാൻ മെസി എടുത്ത തീരുമാനം വലിയ നിരാശയാണ് ആരാധകർക്ക് നൽകിയിരിക്കുന്നത്.

Di Maria To Snub Inter Miami To Remain Europe