ലക്‌ഷ്യം യൂറോ കപ്പ്, അടുത്ത സുഹൃത്തിനെ അൽ നസ്‌റിലെത്തിക്കാൻ റൊണാൾഡോ | Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സൗദി ട്രാൻസ്‌ഫർ അപ്രതീക്ഷിതമായ ഒന്നായിരുന്നു. യൂറോപ്പിൽ മികച്ച ഓഫറുകൾ ലഭിക്കാത്തതിനെ തുടർന്നും സൗദിയിൽ നിന്നും ചരിത്രപരമായ ഓഫർ ലഭിച്ചതിനെ തുടർന്നും അൽ നസ്റിലേക്ക് ചേക്കേറിയ താരം മികച്ച പ്രകടനമാണ് ക്ലബിനൊപ്പം നടത്തുന്നത്. എന്നാൽ താൻ ഗോളുകൾ അടിച്ചു കൂട്ടുമ്പോഴും അൽ നസ്ർ ഇത്തവണ കിരീടമൊന്നും സ്വന്തമാക്കിയില്ലെന്ന നിരാശ താരത്തിനുണ്ട്.

റൊണാൾഡോയെ സംബന്ധിച്ച് തനിക്ക് കൂടുതൽ പിന്തുണ നൽകുന്ന താരങ്ങൾ ടീമിൽ വേണമെന്ന ആഗ്രഹമുണ്ട്. അതുകൊണ്ട് തന്നെ തന്റെ അടുത്ത സുഹൃത്തിനെ ടീമിലെത്തിക്കാൻ താരം ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നാണ് സ്‌പാനിഷ്‌ മാധ്യമമായ ഡിയാരിയോ എഎസ് റിപ്പോർട്ടു ചെയ്യുന്നത്. പോർച്ചുഗൽ സഹതാരമായ വില്യം കാർവാലോയെയാണ്‌ റൊണാൾഡോ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ടത്.

റൊണാൾഡോയെപ്പോലെ തന്നെ സ്പോർട്ടിങ് ലിസ്ബണിലാണ് കാർവാലോ നിരവധി വർഷങ്ങൾ കളിച്ചത്. മറ്റു ക്ലബുകളിൽ നിന്നും ഓഫർ ഉണ്ടായിരുന്നെങ്കിലും 2018 വരെ ക്ലബിനൊപ്പം തുടർന്ന താരം അതിനു ശേഷം സ്‌പാനിഷ്‌ ക്ലബായ റയൽ ബെറ്റിസിലേക്ക് ചേക്കേറുകയുണ്ടായി. ബെറ്റിസുമായി ഇനിയും കരാർ ബാക്കിയുണ്ടെങ്കിലും അൽ നാസറിന്റെ ഓഫർ താരം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സൗദി ക്ലബുകൾ പുതിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ ഈ സമ്മറിൽ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ തന്നെ റൊണാൾഡോക്ക് പിന്നാലെ കരിം ബെൻസിമ, എൻഗോളോ കാന്റെ എന്നീ താരങ്ങൾ ടീമിലേക്ക് എത്തിയിട്ടുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകം ഇനിയും ദിവസങ്ങൾ ബാക്കി കിടക്കുന്നതിനാൽ യൂറോപ്പിൽ നിന്നും നിരവധി താരങ്ങളുടെ ഒഴുക്ക് സൗദിയിലേക്കുണ്ടാകുമെന്നതിൽ സംശയമില്ല.

Carvalho To Join Al Nassr With Ronaldo