വമ്പൻ ഓഫറുകളിൽ ബ്ലാസ്റ്റേഴ്‌സ് വീഴുന്നു, സഹലിനെ വിൽക്കാൻ സാധ്യത | Sahal

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർതാരമായ സഹൽ അബ്ദുൽ സമ്മദിനെ വിൽക്കുന്ന കാര്യം ക്ലബ് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താരത്തിനായി നിരവധി ക്ലബുകൾ ഓഫറുമായി രംഗത്തുണ്ടെന്ന വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് വിൽക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന സൂചനയും ലഭിക്കുന്നത്.

2017 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള താരമാണ് സഹൽ അബ്ദുൽ സമദ്. ബ്ലാസ്റ്റേഴ്‌സ് ബി ടീമിനായി പത്ത് മത്സരങ്ങൾ കളിച്ച താരം അതിനു ശേഷം സീനിയർ ടീമിലെത്തി 92 മത്സരങ്ങളിൽ ഇറങ്ങി. ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായ സഹൽ ആരാധകരുടെയും പ്രിയപ്പെട്ട കളിക്കാരനാണ്.

സഹലിനു വേണ്ടി നിരവധി ക്ലബുകളാണ് ശ്രമം നടത്തുന്നത്. ചെന്നൈയിൻ എഫ്‌സി, മുംബൈ സിറ്റി എഫ്‌സി തുടങ്ങി നാല് ക്ലബുകൾക്ക് താരത്തിൽ താല്പര്യമുണ്ടെന്നാണ് സൂചനകൾ. ഇവർ സഹലിനെ വിൽക്കാനുള്ള പദ്ധതികളെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ ഇരുപത്തിയാറു വയസുള്ള താരത്തെ വിൽക്കാമെന്ന നിലപാടിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഓഫറുകൾ ശ്രദ്ധിക്കുന്നുണ്ട്.

2025 വരെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ള താരമാണ് സഹൽ. താരത്തിന് ക്ലബിനൊപ്പം തുടരണമെന്ന ആഗ്രഹമാണുള്ളത്. എന്നാൽ മികച്ച ഓഫർ ലഭിച്ചാൽ ഏതു താരത്തെയും വിൽക്കുമെന്ന നിലപാടാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിനുള്ളത്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രിയപ്പെട്ട താരത്തെ മറ്റൊരു ക്ലബിൽ കാണേണ്ടി വരുമോയെന്ന ആശങ്ക ആരാധകർക്കുണ്ട്.

Kerala Blasters Consider Selling Sahal