മറഡോണക്കും മെസിക്കും തുല്യൻ, അർജന്റീന ഫുട്ബോളിന്റെ മുഖമാണ് ഡി മരിയയെന്ന് മുൻ താരം | Di Maria

ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഫ്രാൻസിനെതിരെ ഏഞ്ചൽ ഡി മരിയയുടെ പ്രകടനം കണ്ട ഭൂരിഭാഗം അർജന്റീന ആരാധകരും ചിന്തിച്ചിട്ടുണ്ടാവുക 2014 ലോകകപ്പ് ഫൈനലിൽ താരം ഇറങ്ങിയിരുന്നെങ്കിൽ അന്നു തന്നെ അർജന്റീന കിരീടം നേടിയേനെ എന്നായിരിക്കും. പരിക്ക് കാരണം ആ ഫൈനൽ നഷ്‌ടമായ ഡി മരിയ അതിന്റെ നിരാശ മാറ്റി ഫ്രാൻസിനെതിരെ അക്ഷരാർത്ഥത്തിൽ ആറാടുകയായിരുന്നു.

കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന നേടിയത് മൂന്നു കിരീടങ്ങളാണ്. ഈ മൂന്നു കിരീടങ്ങൾ നേടാനുള്ള കലാശപ്പോരാട്ടത്തിലും ഡി മരിയ ഗോൾ നേടിയിട്ടുണ്ട്‌. അർജന്റീന ടീമിൽ തന്റെ സാന്നിധ്യം നിർണായകമാണെന്ന് പ്രകടനം കൊണ്ടു തെളിയിക്കുന്ന ഡി മരിയ ലയണൽ മെസി, മറഡോണ എന്നിവരെപ്പോലെ തന്നെ പരിഗണിക്കപ്പെടേണ്ട താരമാണെന്നാണ് മുൻ താരവും പരിശീലകനുമായ മെനോട്ടി പറയുന്നത്.

“മഹത്തായ ഫുട്ബോൾ താരങ്ങളെപ്പോലെ തന്നെ അംഗീകാരം അർഹിക്കുന്ന താരമാണ് ഡി മരിയ. കെമ്പസ്, മറഡോണ, മെസി എന്നീ താരങ്ങളുടെ തലത്തിലാണ് ഡി മരിയയെ ഞാൻ കണക്കാക്കുന്നത്. എല്ലാ തരത്തിലും അർജന്റീന ഫുട്ബോളിനെ പ്രതിനിധീകരിക്കുന്ന താരമാണ് അദ്ദേഹം. ഫുട്ബോളിനെ സ്നേഹിക്കുന്നവർ ഡി മരിയ എവിടെ കളിച്ചാലും താരത്തെ ഏറ്റവും മികച്ച രീതിയിൽ സഹായിക്കും. താരത്തെ അറിയുന്നവർ ഒരുപാട് സ്നേഹിക്കും.” മെനോട്ടി പറഞ്ഞു.

അർജന്റീനക്കൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ ഡി മരിയ അടുത്ത കോപ്പ അമേരിക്ക കിരീടം കൂടി അർജന്റീന ടീമിനൊപ്പം ലക്‌ഷ്യം വെക്കുന്നുണ്ട്. അതിൽ പങ്കെടുക്കുന്നതിനു വേണ്ടി യൂറോപ്പിൽ തന്നെ തുടരാനുള്ള തീരുമാനമെടുത്ത താരം തന്റെ മുൻ ക്ലബായ ബെൻഫിക്കയിലേക്ക് ചേക്കേറുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Di Maria Same Level As Maradona And Messi