“എനിക്കത് വളരെ ബുദ്ധിമുട്ടുണ്ടാക്കി”- ലയണൽ മെസിക്ക് മുന്നറിയിപ്പുമായി മുൻ ബാഴ്‌സലോണ സഹതാരം | Messi

അമേരിക്കൻ ലീഗ് ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ് അർജന്റീന താരമായ ലയണൽ മെസി. ക്ലബ്ബിലേക്ക് ചേക്കേറുന്ന കാര്യം മെസി അറിയിച്ചെങ്കിലും ഇതുവരെയും ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ജൂലൈ പതിനഞ്ചോടെ ട്രാൻസ്‌ഫർ നടപടിക്രമങ്ങൾ പൂർത്തിയാക്കി മെസിയുടെ സൈനിങ്ങ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് ഇന്റർ മിയാമി അറിയിച്ചിട്ടുള്ളത്.

വളരെ ചെറുപ്പത്തിൽ തന്നെ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ ലയണൽ മെസി ക്ലബ് തലത്തിൽ പ്രൊഫെഷണൽ ഫുട്ബോൾ കളിച്ചിട്ടുള്ളത് യൂറോപ്പിൽ മാത്രമാണ്. ഇപ്പോൾ യൂറോപ്പ് വിട്ട് മറ്റൊരു രാജ്യത്തെ ലീഗിലേക്ക് ചേക്കേറാൻ തയ്യാറെടുക്കുന്ന മെസിക്ക് മുന്നറിയിപ്പുമായി മുൻ ബാഴ്‌സലോണ താരം റിക്വി പുയ്‌ജ് രംഗത്തെത്തി. നിലവിൽ അമേരിക്കൻ ക്ലബായ ലോസ് ഏഞ്ചൽസ് ഗ്യാലക്‌സി താരമാണ് പുയ്‌ജ്.

“അമേരിക്കൻ ലീഗിൽ എനിക്ക് ഇഷ്‌ടമല്ലാത്ത കാര്യം ദൂരമേറിയ യാത്രകളും ടൈം സോണിലുള്ള മാറ്റവുമാണ്. അതൊരു കളിക്കാരനെ സംബന്ധിച്ച് ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഇവിടെ എത്തിയപ്പോൾ എനിക്കും അതാണ് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയത്.” കഴിഞ്ഞ ദിവസം പുയ്‌ജ് പറഞ്ഞു. മെസി, ബുസ്‌ക്വറ്റ്സ് തുടങ്ങിയ താരങ്ങൾ എത്തുന്നത് ലീഗിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നും താരം പറഞ്ഞു.

അതേസമയം അർജന്റീനക്കാരനായതിനാൽ മെസിയെ സംബന്ധിച്ച് ടൈം സോണിലെ മാറ്റം വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയില്ല. തന്റെ അടുത്ത സുഹൃത്തുക്കൾ കൂടി ഒപ്പമുണ്ടെന്നത് മെസിക്ക് ടീമുമായി ഇണങ്ങിച്ചേരാൻ കൂടുതൽ സഹായിക്കും. എന്തായാലും പുതിയ തട്ടകത്തിൽ മെസിയുടെ അരങ്ങേറ്റം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ എല്ലാവരും.

Puig Send MLS Warning To Lionel Messi