ബാഴ്‌സലോണ താരം എതിരാളികളുടെ തട്ടകത്തിലേക്ക്, അപ്രതീക്ഷിത നീക്കം | Barcelona

സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണെങ്കിലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞിരുന്നു. റയൽ മാഡ്രിഡിനു മേൽ വ്യക്തമായ ആധിപത്യം പുലർത്തി ലാ ലീഗ്‌ കിരീടം സ്വന്തമാക്കിയ ടീം അതിനു പുറമെ സ്‌പാനിഷ്‌ സൂപ്പർകപ്പും നേടുകയുണ്ടായി. അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനാണ് ബാഴ്‌സലോണ തയ്യാറെടുക്കുന്നത്.

ടീമിനെ പുതുക്കിപ്പണിയാൻ തയ്യാറെടുക്കുന്ന ബാഴ്‌സലോണയിൽ നിന്നും പ്രതിരോധതാരമായ എറിക് ഗാർസിയ പുറത്തു പോയേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറിയ താരത്തിന് അവസരങ്ങൾ കുറവാണ്. കൂടുതൽ അവസരങ്ങൾ ലഭിക്കാനും ഫസ്റ്റ് ടീമിൽ സ്ഥിരസാന്നിധ്യമാകാനുമാണ് താരത്തിന്റെ നീക്കം.

റിപ്പോർട്ടുകൾ പ്രകാരം ലാ ലിഗയിൽ ബാഴ്‌സലോണയുടെ എതിരാളികളുടെ തട്ടകത്തിലേക്ക് തന്നെയാണ് ഗാർസിയ ചേക്കേറാൻ ശ്രമിക്കുന്നത്. മാനുവൽ പെല്ലഗ്രിനി പരിശീലകനായ റയൽ ബെറ്റിസിന്റെ ലോൺ ഓഫറാണ് താരം പരിഗണിക്കുന്നത്. എറിക് ഗാർസിയയെ ബാഴ്‌സയിലെത്തിച്ച റാമോൺ പ്ലാൻസാണ് നിലവിൽ റയൽ ബെറ്റിസിന്റെ ഡയറക്റ്ററെന്നത് ട്രാൻസ്‌ഫർ നടക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.

കൂണ്ടെ, ക്രിസ്റ്റിൻസെൻ, അറോഹോ തുടങ്ങിയ കളിക്കാരുള്ള പ്രതിരോധത്തിലേക്ക് ഇനിഗോ മാർട്ടിനസ് കൂടി എത്തുന്നതോടെ തനിക്ക് അവസരം കുറയുമെന്ന് മനസിലാക്കിയാണ് ഗാർസിയ ക്ലബ് വിടാൻ ഒരുങ്ങുന്നത്. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നത് യൂറോ കപ്പിനുള്ള ടീമിൽ ഇടം നേടാനുള്ള സാധ്യതയും വർധിപ്പിക്കും. താരത്തെ നിലനിർത്താൻ ബാഴ്‌സ ആഗ്രഹിക്കുന്നുണ്ടെങ്കിലും വേതനബിൽ കുറക്കാൻ വേണ്ടി ട്രാൻസ്‌ഫറിനു സമ്മതം മൂളാൻ തന്നെയാണ് സാധ്യത.

Eric Garcia Consider Leaving Barcelona To Join Real Betis