ഇന്ത്യയിലേക്ക് വരാമെന്ന് ഞാൻ വാക്കു നൽകിയിരുന്നു, ലോകകപ്പ് സേവിന്റെ ഓർമകൾ പങ്കു വെച്ച് എമിലിയാനോ മാർട്ടിനസ് | Emiliano Martinez

ഖത്തർ ലോകകപ്പ് ഉൾപ്പെടെ കഴിഞ്ഞ രണ്ടു വർഷത്തിൽ അർജന്റീന നേടിയ മൂന്നു കിരീടങ്ങളിൽ പ്രധാന പങ്കു വഹിച്ച ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തി. അർജന്റീന ഫുട്ബോൾ ടീം ഏഷ്യൻ രാജ്യങ്ങളിൽ മത്സരങ്ങൾ കളിച്ചതിനു ശേഷം ഇവിടെത്തന്നെ തുടർന്ന എമിലിയാനൊ മാർട്ടിനസ് വിവിധ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിൽ എത്തിയത്.

ഇന്ത്യയിൽ കൊൽക്കത്തയിലേക്കാണ് എമിലിയാനോ മാർട്ടിനസ് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഇന്ത്യയിൽ എത്തിയ താരം സന്ദർശനത്തിൽ വളരെ ആവേശമുണ്ടെന്നും മികച്ച അനുഭവമാണ് ലഭിക്കുന്നതെന്നും പറഞ്ഞു. ഇന്ത്യയിലേക്ക് വരുന്നത് ഒരു സ്വപ്‌നമായിരുന്നുവെന്നും ഇവിടേക്ക് വരാമെന്ന് വാക്കു നൽകിയിരുന്നുവെന്നും പറഞ്ഞ താരം വളരെ സന്തോഷം ഇവിടെ വന്നതിലുണ്ടെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയിലേക്ക് വരുന്നതിനു മുൻപ് എമിലിയാനോ മാർട്ടിനസ് ബംഗ്ലാദേശിലേക്ക് പോയിരുന്നു. അവിടെ വെച്ച് ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അവസാന മിനുട്ടിൽ ഫ്രഞ്ച് താരം കൊളോ മുവാനിയുടെ ഷോട്ട് തടുത്തിട്ടതിന്റെ ഓർമകൾ താരം പങ്കു വെക്കുകയുണ്ടായി. ആ ഷോട്ട് തടുത്ത ഭാഗത്ത് ലോകകപ്പ് ട്രോഫിയുടെ ചിത്രം ടാറ്റൂ ചെയ്‌തത്‌ എമിലിയാനോ മാർട്ടിനസ് കാണിക്കുകയും ചെയ്‌തു.

കൊൽക്കത്തയിൽ എത്തിയ എമിലിയാനോ മാർട്ടിനസ് നിരവധി പരിപാടികളിൽ പങ്കെടുക്കും. പെലെ, മറഡോണ തുടങ്ങിയ താരങ്ങളെ ഇന്ത്യയിൽ എത്തിച്ച സത്രദു ദത്തയാണ് എമിലിയാനോ മാർട്ടിനസിനെയും ഇന്ത്യയിലേക്ക് കൊണ്ടു വന്നത്. നൂറു കണക്കിന് ആരാധകർ താരത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു.

Emiliano Martinez Arrived In India