ലൂണക്കും മുകളിൽ പറക്കാൻ ദിമിത്രിയോസ് ആഗ്രഹിച്ചു, താരം ക്ലബ് വിട്ടതിനു പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്ത് | Dimitrios

ദിമിത്രിയോസ് ഡയമെന്റക്കൊസ് കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചതിനു പിന്നിലെ കാരണം തേടുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. കരാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുന്ന സമയത്താണ് ഗ്രീക്ക് താരം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ ഉണ്ടാകില്ലെന്ന പ്രഖ്യാപനം നടത്തിയത്.

കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയെങ്കിലും പ്രതിഫലം കൂടുതൽ വേണമെന്ന ആവശ്യമുന്നയിച്ച് താരം അത് നിഷേധിക്കുകയായിരുന്നു. രണ്ടു സീസണുകളായി മികച്ച പ്രകടനം നടത്തുന്ന താരം കൂടുതൽ പ്രതിഫലം അർഹിക്കുന്നതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനെയാണ് ഏവരും പഴിച്ചത്. എന്നാൽ താരം ആവശ്യപ്പെട്ട പ്രതിഫലം എത്രയാണെന്ന വിവരം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ നാലു കോടിയിലധികം രൂപയാണ് ദിമിത്രിയോസ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ടീമിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന യുറുഗ്വായ് താരം അഡ്രിയാൻ ലൂണയെക്കാൾ ഉയർന്ന പ്രതിഫലമാണത്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ദിമിത്രിയോസിന്റെ ആവശ്യം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒന്നായിരുന്നു.

കഴിഞ്ഞ രണ്ടു സീസണുകളിലും മികച്ച പ്രകടനമാണ് ദിമിത്രിയോസ് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിൽ ആദ്യമായി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമെന്ന റെക്കോർഡും ദിമിത്രിയോസ് സ്വന്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ ഉയർന്ന പ്രതിഫലം താരം അർഹിക്കുന്നതാണെങ്കിലും ഈ ഡിമാൻഡ് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അപ്രാപ്യമാണ്.

എന്തായാലും ദിമിത്രിയോസിന്റെ ബ്ലാസ്റ്റേഴ്‌സിലെ കരിയറിന് ഇതോടെ അവസാനമായെന്ന് ഉറപ്പാണ്. റിപ്പോർട്ടുകൾ പ്രകാരം താരം ഇന്ത്യയിൽ തന്നെ തുടരാനാണ് സാധ്യത. ഈസ്റ്റ് ബംഗാൾ, മുംബൈ സിറ്റി എന്നീ ക്ലബുകളാണ് ദിമിക്ക് വേണ്ടി ശ്രമം നടത്തുന്നത്. ഇന്ത്യക്ക് പുറത്തുള്ള ക്ലബുകളും താരത്തിനായി രംഗത്തുണ്ടെങ്കിലും താരം ഐഎസ്എല്ലിൽ തന്നെ നിലനിൽക്കാനാണ് സാധ്യത.

Dimitrios Demand Highest Salary In Kerala Blasters