വമ്പൻ പ്രതിഫലമുള്ള കരാർ ഒപ്പിട്ടു, ദിമിത്രിയോസിന്റെ അടുത്ത ക്ലബ് ഏതാണെന്ന് തീരുമാനമായി | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്നു പ്രഖ്യാപിച്ച ദിമിത്രിയോസ് ഇനി എങ്ങോട്ടാണ് പോവുകയെന്ന് ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഉറ്റു നോക്കുന്ന കാര്യമാണ്. കഴിഞ്ഞ സീസണിൽ ഐഎസ്എൽ ഗോൾഡൻ ബൂട്ട് നേടിയ താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി വളരെയധികം ഇണങ്ങിച്ചേർന്നിട്ടുണ്ട്. അതിനാൽ തന്നെ സ്വന്തമാക്കുന്ന ക്ലബുകൾക്ക് അതൊരു വലിയ കുതിപ്പ് നൽകും.

ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രിയോസിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നത് ഐഎസ്എൽ ചാമ്പ്യന്മാരായ മുംബൈ സിറ്റിയും കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളുമാണ്. നേരത്തെ മുംബൈ സിറ്റിയിലേക്ക് താരം ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അത് സത്യമല്ല. നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാളാണ് താരത്തിന്റെ അടുത്ത ക്ലബ്.

ആവശ്യപ്പെട്ട പ്രതിഫലം നൽകാത്തതിനെ തുടർന്നാണ് ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സ് വിടാൻ തീരുമാനിച്ചത്. ഈസ്റ്റ് ബംഗാളുമായി രണ്ടു വർഷത്തെ കരാറൊപ്പിടുന്ന താരത്തിന് ഒരു സീസണിൽ നാല് കോടി രൂപയാണ് പ്രതിഫലമായി നൽകുക. കേരള ബ്ലാസ്റ്റേഴ്‌സിൽ ഏതൊരു താരവും വാങ്ങുന്ന പ്രതിഫലത്തേക്കാൾ കൂടുതലാണ് ദിമിത്രിയോസിനു ഈസ്റ്റ് ബംഗാൾ നൽകുന്നത്.

ഇതിൽ നിന്നും മനസിലാക്കാൻ കഴിയുന്നത് താരം സ്വന്തം താൽപര്യം കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വിട്ടതെന്നാണ്. ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് ഒരിക്കലും ഇത്രയും പ്രതിഫലം നൽകാൻ കഴിയില്ലെന്നുറപ്പാണ്. അതുകൊണ്ടു തന്നെ വമ്പൻ പ്രതിഫലം നൽകാൻ ക്ലബുകൾ തയ്യാറായി വന്നപ്പോൾ ദിമിത്രിയോസ് അത് സ്വീകരിച്ച് ബ്ലാസ്റ്റേഴ്‌സ് വിടാൻ തീരുമാനിച്ചു.

ദിമിത്രിയോസിനെ സ്വന്തമാക്കുന്ന ക്ലബിന് അതൊരു മുതൽക്കൂട്ടായി മാറുമെന്നത് സംശയമില്ലാത്ത കാര്യമാണ്. മുന്നേറ്റനിരയിൽ വളരെയധികം അപകടം സൃഷ്‌ടിക്കുന്ന താരത്തിന്റെ കൺവെർഷൻ റേറ്റ് അപാരമാണ്. അതുകൊണ്ടു തന്നെ അവസരങ്ങൾ ഒരുക്കി നൽകാൻ കഴിയുന്ന ഒരു പങ്കാളിയെ ലഭിച്ചാൽ ദിമിത്രിയോസിനെ കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിയും.

Dimitrios To East Bengal Is Almost Done