കാത്തിരുന്ന പ്രഖ്യാപനമെത്തി, കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഇനി സ്വീഡിഷ് പരിശീലകൻ നയിക്കും | Kerala Blasters

ഒടുവിൽ ആരാധകർ കാത്തിരുന്ന പ്രഖ്യാപനം നടത്തി കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ വുകോമനോവിച്ച് ടീം വിട്ടതിനു പകരക്കാരനായി ആരെത്തുമെന്നു ഉറ്റു നോക്കിയിരുന്ന ആരാധകർക്ക് വേണ്ടി പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു. സ്വീഡിഷ് പരിശീലകനായ മികായേൽ സ്റ്റാറെയാണ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കുക.

നാല്പത്തിയെട്ടുകാരനായ സ്റ്റാറെ മാനേജേരിയൽ കരിയറിൽ നിരവധി ക്ളബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. സ്വീഡൻ, ഗ്രീസ്, നോർവേ, ചൈന, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾക്ക് പുറമെ ലയണൽ മെസി കളിക്കുന്ന അമേരിക്കൻ ലീഗിലും അദ്ദേഹം പരിശീലകനായിട്ടുണ്ട്. എംഎൽഎസിൽ സാൻ ജോസ് എർത്ത് ക്വാക്കേഴ്‌സിനെയാണ് അദ്ദേഹം പരിശീലിപ്പിച്ചിട്ടുള്ളത്.

പരിശീലകനെന്ന നിലയിൽ കുറച്ചു നേട്ടങ്ങൾ അദ്ദേഹത്തിന്റെ പേരിലുണ്ട്. സ്വീഡിഷ് ക്ലബായ എഐകെ ഫൊട്ബോളിനെ ലീഗിൽ ഒന്നാമതെത്തിച്ചത് അതിലൊന്നാണ്. 2009ലായിരുന്നു അത്. 2009. 2010 വർഷങ്ങളിൽ ക്ലബിനൊപ്പം മൂന്നു കിരീടങ്ങൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതിനു പുറമെ ഐഎഫ്‌കെ ഗോട്ബോർജിനൊപ്പവും അദ്ദേഹം ഒരു കിരീടം നേടിയിട്ടുണ്ട്.

സ്വീഡിഷ് ക്ലബായ വാർസ്‌ബി യുണൈറ്റഡിന്റെ പരിശീലകനായിരിക്കുന്ന സമയത്ത് ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ സ്‌ക്വാഡ് ആയിരുന്നിട്ടും അവരെ മിഡ് ടേബിളിൽ എത്തിക്കാൻ കഴിഞ്ഞതും അദ്ദേഹത്തിന്റെ ഒരു പ്രധാന നേട്ടമാണ്. കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നതിനു മുൻപ് തായ്‌ലൻഡ് ക്ലബായ ഉതായി താനിയെയാണ് അദ്ദേഹം പരിശീലിപ്പിച്ചിരുന്നത്.

അദ്ദേഹത്തിന് കീഴിൽ അത്ര മികച്ച പ്രകടനമള്ള ഉതായി താനി നടത്തിയത്. 29 മത്സരങ്ങളിൽ ആകെ ഒമ്പതെണ്ണത്തിൽ മാത്രം വിജയിച്ച ടീം പന്ത്രെന്നതിൽ തോൽവി വഴങ്ങി. ലീഗിൽ അവർ ഏഴാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സിലും ഇന്ത്യൻ സൂപ്പർ ലീഗിലും അദ്ദേഹം തന്റെ കാൽപ്പാടുകൾ പതിപ്പിക്കുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.

Kerala Blasters New Coach Is Mikael Stahre