ഷോട്ടെടുത്താൽ അത് ഗോളിലേക്കു തന്നെയെന്നുറപ്പ്, ഐഎസ്എല്ലിൽ ഏറ്റവും ഷൂട്ടിങ് കൃത്യതയുള്ള താരമായി ദിമിത്രിയോസ് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമെന്റക്കൊസ് കാഴ്‌ച വെക്കുന്നത്. ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പതിമൂന്നു ഗോളുകളോടെ ഐഎസ്എല്ലിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമായി ദിമിത്രിയോസ് മാറി. സീസണിലാകെ പതിനാറു ഗോളുകളിൽ പങ്കാളിയാകാനും ഗ്രീക്ക് താരത്തിന് കഴിഞ്ഞു.

സീസണിൽ ഗോളടിവേട്ടയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ദിമിത്രിയോസ് മറ്റൊരു കാര്യത്തിൽ കൂടി ഒന്നാമതാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ എഡിഷനിൽ ഏറ്റവുമധികം ഷൂട്ടിങ് കൃത്യതയുള്ള താരങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ദിമിത്രിയോസാണ്. ഉതിർത്ത എഴുപത്തിയഞ്ച് ശതമാനം ഷോട്ടുകളും ലക്ഷ്യത്തിലേക്ക് എത്തിച്ചാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഈ സീസണിൽ ഇതുവരെ ഇരുപത്തിയെട്ടു ഷോട്ടുകളാണ് ദിമിത്രിയോസ് തൊടുത്തു വിട്ടിരിക്കുന്നത്. അതിൽ ഇരുപത്തിയൊന്ന് ഷോട്ടുകളും വലയിലേക്കായിരുന്നു. ഇത്രയും ഷോട്ടുകളിൽ നിന്നുമാണ് പതിമൂന്നു ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞത്. തൊടുക്കുന്ന അൻപത് ശതമാനത്തോളം ഷോട്ടുകളും താരത്തിന് ഗോളാക്കി മാറ്റാൻ കഴിഞ്ഞുവെന്ന് ഈ കണക്കുകൾ തെളിയിക്കുന്നു.

ദിമിത്രോയോസിന്റെ പ്രാധാന്യം എന്താണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. എന്നാൽ ഈ സീസണിന് ശേഷം താരം ടീമിനൊപ്പം ഉണ്ടാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. കരാർ അവസാനിക്കുന്ന താരത്തിന് പുതിയ കരാർ ബ്ലാസ്റ്റേഴ്‌സ് ഓഫർ ചെയ്‌തെങ്കിലും കുറച്ചുകൂടി ഭേദപ്പെട്ട ഓഫർ കിട്ടിയാലേ ടീമിനൊപ്പം തുടരൂവെന്നാണ് ഗ്രീക്ക് താരത്തിന്റെ നിലപാട്.

കൂടുതൽ അവസരങ്ങളൊരുക്കി നൽകാൻ കഴിയുന്ന താരങ്ങളുണ്ടെങ്കിൽ കൂടുതൽ ഷോട്ടുകൾ ഉതിർക്കാനും കൂടുതൽ ഗോളുകൾ നേടാനും ദിമിക്ക് കഴിയുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്. പ്ലേ ഓഫ് മത്സരത്തിൽ അഡ്രിയാൻ ലൂണക്കൊപ്പം ദിമിത്രിയോസിനു കൂടി ഇറങ്ങാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്‌സിന് വിജയപ്രതീക്ഷ ഉണ്ടാകുന്നതും ഇക്കാരണം കൊണ്ട് തന്നെയാണ്.

Dimitrios Have Top Shooting Accuracy In ISL