കൈവെള്ളയിലുള്ള മാണിക്യത്തെ എറിഞ്ഞു കളയുന്നു, ദിമിത്രിയോസിനെ റാഞ്ചാൻ ഐഎസ്എൽ വമ്പന്മാർ രംഗത്ത് | Dimitrios

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രധാനപ്പെട്ട ഒരു ആശങ്കയാണ് ടീമിന്റെ സൂപ്പർ സ്‌ട്രൈക്കറായ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ ക്ലബിലെ ഭാവി. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെയും പുതിയ കരാർ ഒപ്പിട്ടിട്ടില്ല. താരത്തിന് ബ്ലാസ്റ്റേഴ്‌സ് കരാർ ഓഫർ നൽകിയെങ്കിലും അത് പരിഗണിക്കാതെ നിൽക്കുകയാണ് ഐഎസ്എൽ ടോപ് സ്കോററായ ഗ്രീക്ക് സ്‌ട്രൈക്കർ.

നേരത്തെ പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു വെച്ച ഓഫറിൽ ദിമിത്രിയോസ് സംതൃപ്‌തനല്ല. ടീമിനായി കഴിഞ്ഞ രണ്ടു സീസണായി മികച്ച പ്രകടനം നടത്തുന്ന കളിക്കാരനെന്ന നിലയിൽ മെച്ചപ്പെട്ട ഓഫർ നൽകണമെന്നാണ് ദിമിയുടെ ആവശ്യം. എന്നാൽ താരത്തിന്റെ ആവശ്യത്തിന് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇതുവരെ പരിഗണന നൽകിയിട്ടില്ല.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ തണുപ്പൻ സമീപനം മുതലെടുത്ത് മറ്റു ക്ലബുകൾ ദിമിത്രിയോസിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി എഫ്‌സിയാണ് ദിമിയെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് നൽകിയതിനേക്കാൾ മികച്ച ഓഫർ ദിമിക്ക് നൽകാനാണ് മുംബൈ സിറ്റി ഒരുങ്ങുന്നത്.

ബ്ലാസ്റ്റേഴ്‌സിൽ നിന്നും മുംബൈ സിറ്റി സ്വന്തമാക്കിയ സ്‌ട്രൈക്കറായ ജോർജ് പെരേര ഡയസ് ഈ സീസണോടെ ക്ലബ് വിടാനുള്ള സാധ്യത കൂടുതലാണ്. റിപ്പോർട്ടുകൾ പ്രകാരം അർജന്റീന താരം എഫ്‌സി ഗോവയിലേക്ക് ചേക്കേറും. അതിനു പകരക്കാരനായി ഐഎസ്എല്ലിൽ കഴിവ് തെളിയിച്ച ഒരു സ്‌ട്രൈക്കറെ തന്നെ സ്വന്തമാക്കുകയെന്നതാണ് മുംബൈ സിറ്റി ലക്‌ഷ്യം വെക്കുന്നത്.

സാമ്പത്തികമായി ബ്ലാസ്റ്റേഴ്‌സിനേക്കാൾ കരുത്തുള്ള മുംബൈ സിറ്റി എഫ്‌സിക്ക് മികച്ച ഓഫർ നൽകി ദിമിയെ സ്വന്തമാക്കുക എളുപ്പമാണ്. എന്നാൽ ഇത്രയും മികച്ചൊരു സ്‌ട്രൈക്കറെ നഷ്‌ടപ്പെടുത്തിയാൽ ബ്ലാസ്റ്റേഴ്‌സ് അതിൽ ദുഖിക്കേണ്ടി വരും. അതുകൊണ്ടു തന്നെ ബ്ലാസ്റ്റേഴ്‌സിൽ തുടരാൻ താൽപര്യമുള്ള ദിമിയെ മികച്ച ഓഫർ നൽകി നിലനിർത്തണമെന്നാണ് ആരാധകരുടെ ആവശ്യം.

Dimitrios Is A Target Of Mumbai City FC