എതിരാളികളെ തെറ്റിദ്ധരിപ്പിക്കാൻ ആശാന്റെ മൈൻഡ് ഗെയിം, പ്ലേഓഫിൽ പ്രതീക്ഷിച്ചതാവില്ല സംഭവിക്കുക | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേ ഓഫ് മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുകയാണ്. ലീഗ് പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ടീമിന് നാലാം സ്ഥാനത്തുള്ള ഒഡിഷ എഫ്‌സിയെയാണ് നേരിടേണ്ടത്. പോയിന്റ് ടേബിളിൽ ബ്ലാസ്റ്റേഴ്‌സിനേക്കാൾ മുന്നിലാണ് ഒഡിഷ എഫ്‌സി എന്നതിനാൽ അവരുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

മത്സരത്തിനായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് ഒരുപാട് തിരിച്ചടികളുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ നിരവധി താരങ്ങൾ പരിക്കേറ്റു പുറത്തു പോയത് സീസണിന്റെ രണ്ടാം പകുതിയിലെ അവരുടെ പ്രകടനത്തെ ബാധിച്ചിരുന്നു. അഡ്രിയാൻ ലൂണ പരിക്ക് മാറി പ്ലേ ഓഫ് മത്സരങ്ങൾ കളിക്കാൻ തയ്യാറെടുത്തുവെങ്കിലും ദിമിത്രിയോസിന്റെ കാര്യത്തിൽ ഉറപ്പില്ലെന്നാണ് ഇവാൻ വുകോമനോവിച്ച് പറഞ്ഞത്.

എന്നാൽ ദിമി പ്ലേ ഓഫ് മത്സരം കളിക്കാനുള്ള സാധ്യത കുറവാണെന്ന് ഇവാൻ വുകോമനോവിച്ച് ആവർത്തിക്കുന്നത് ഒരു മൈൻഡ് ഗെയിമായി വിലയിരുത്താവുന്നതാണ്. ദിമി കളിക്കില്ലെന്ന ധാരണയിൽ എതിരാളികൾ തന്ത്രങ്ങൾ മെനയുമ്പോൾ പ്ലേ ഓഫ് മത്സരത്തിന് ദിമിത്രിയോസ് കൂടിയുൾപ്പെട്ട ഒരു ആദ്യ ഇലവനെയാകും ഇവാനാശാൻ ഇറക്കുക.

പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ദിമിത്രിയോസ് പരിശീലനം ആരംഭിച്ചിട്ടുണ്ട്. താരത്തിന്റെ പരിക്ക് അത്ര ഗുരുതരമില്ലെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഈ മാസം പത്തൊൻപതിനാണ് മത്സരം എന്നതിനാൽ തന്നെ മുഴുവൻ ഫിറ്റ്നസ് വീണ്ടെടുക്കാൻ ദിമിക്ക് സമയമുണ്ട്. എന്നാൽ ദിമിയുടെ കാര്യത്തിൽ ഉറപ്പില്ലെന്നു പറഞ്ഞ് എതിരാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവാനാശാൻ.

മികച്ച തന്ത്രജ്ഞനായ ഒഡിഷ എഫ്‌സിയുടെ പരിശീലകനോട് ഇവാന്റെ മൈൻഡ് ഗെയിം നടക്കുമോയെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. എന്നാൽ ദിമിത്രിയോസ് കളിക്കാനുള്ള സാധ്യത വർധിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് പ്രതീക്ഷയാണ്. ലൂണ, ദിമിത്രിയോസ്, ചെർണിച്ച്, സകായ് എന്നീ താരങ്ങളെല്ലാം ഒരുമിച്ചാൽ ഒഡീഷയെ മറികടക്കാനുള്ള കരുത്ത് ബ്ലാസ്റ്റേഴ്‌സിനുണ്ടാകും.

Kerala Blasters Preparing For Play Offs