അക്കാര്യത്തിൽ റൊണാൾഡോയുടെ അതേ മനോഭാവമാണ് ദിമിത്രിയോസിനുള്ളത്, സച്ചിൻ സുരേഷ് പറയുന്നു | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗ് പകുതിയോളം എത്തിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് നേരിട്ട വലിയൊരു പ്രതിസന്ധിയായിരുന്നു ടീമിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ പരിക്ക്. അതുവരെ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ നട്ടെല്ലായി പ്രവർത്തിച്ച താരത്തിന്റെ അഭാവം ടീമിനെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതിനു ശേഷം നടന്ന നാല് ഐഎസ്എൽ മത്സരങ്ങളിൽ മൂന്നെണ്ണത്തിലും ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി.

ടീമിന്റെ ഏറ്റവും പ്രധാന താരമായ അഡ്രിയാൻ ലൂണ ഇല്ലാതിരുന്നിട്ടും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനം നടത്തുമ്പോൾ മുന്നേറ്റനിരയിൽ അതിനുവേണ്ടി ഒരുപാട് അധ്വാനിക്കുന്ന കളിക്കാരനാണ് ദിമിത്രിയോസ് ഡയമെന്റക്കൊസ്. ലൂണയുടെ അഭാവത്തിൽ പിന്നിലേക്ക് ഇറങ്ങിക്കളിച്ച് അവസരങ്ങൾ ഉണ്ടാക്കാനും ഗോളുകൾ നേടാനും കഴിയുന്ന താരത്തെക്കുറിച്ച് കഴിഞ്ഞ ദിവസം സച്ചിൻ സുരേഷ് പറയുകയുണ്ടായി.

“ദിമിത്രിയോസിന്റെ മനോഭാവം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെതിനു സമാനമാണ്. താരത്തിന് എല്ലാ മത്സരങ്ങളിലും ഗോൾ നേടാൻ വളരെയധികം ആഗ്രഹമുണ്ട്, അതിനു വേണ്ടി സാധ്യമായതെല്ലാം ദിമിത്രിയോസ് ചെയ്യും.” കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ടീമിന്റെ സൂപ്പർ കീപ്പറായ സച്ചിൻ സുരേഷ് ഗ്രീക്ക് താരത്തെക്കുറിച്ച് പറഞ്ഞു.

സച്ചിൻ സുരേഷിന്റെ വാക്കുകൾ ദിമിത്രിയോസിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന വിമർശനത്തിനുള്ള മറുപടി കൂടിയായി കണക്കിലെടുക്കാം. ടീമിലെ യുവതാരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ ദിമിത്രിയോസിനു കഴിയുന്നില്ലെന്ന വിമർശനം പലരും ഉയർത്തിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സിനായി തന്റെ പൊസിഷനിൽ മാറ്റം വരുത്തിയ താരം ടീമിനായി ഒരുപാട് കഠിനാധ്വാനം ചെയ്യുന്നുണ്ട്.

ലൂണ പരിക്കേറ്റു പോയതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിലടക്കം ഏഴു മത്സരങ്ങളിലാണ് ഇറങ്ങിയത്. ഇത്രയും മത്സരങ്ങളിൽ ദിമിത്രിയോസ് ഗോൾ നേടാതിരുന്നത് ഒരു മത്സരത്തിൽ മാത്രമാണ്. അതിനു ശേഷം ലീഗിൽ നടന്ന എല്ലാ മത്സരങ്ങളിലും ഗോൾ നേടിയ താരം തന്റെ പരിചയസമ്പത്ത് ഉപയോഗപ്പെടുത്തി ടീമിനെ ശരിയായ രീതിയിൽ തന്നെ നയിക്കുന്നുണ്ട്.

Dimitrios Mentality Is Like Ronaldo Says Sachin Suresh