ബ്ലാസ്റ്റേഴ്സിന് ഇതിന്റെ കൂടി കുറവേ ഉണ്ടായിരുന്നുള്ളൂ, പരിക്കു കാരണം പരിശീലനം നടത്താതെ ദിമിത്രിയോസ് | Dimitrios
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവുമധികം തിരിച്ചടികൾ നേരിട്ട ക്ലബായിരിക്കും കേരള ബ്ലാസ്റ്റേഴ്സ്. സീസണിന്റെ തുടക്കം മുതൽ ഇതുവരെ ഓരോ അവസരങ്ങളിലായി നിരവധി താരങ്ങളെ ബ്ലാസ്റ്റേഴ്സിനു നഷ്ടമായി. ജോഷുവ സോട്ടിരിയോയിലൂടെ തുടങ്ങിയ പരിക്കിന്റെ തിരിച്ചടികൾ ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ടീമിനെ വിടാതെ പിന്തുടരുകയാണ്.
ജോഷുവ സോട്ടിരിയോ, ഐബാൻ ഡോഹ്ലിങ്, അഡ്രിയാൻ ലൂണ, ക്വാമേ പെപ്ര എന്നീ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സിനു ഈ സീസൺ മുഴുവൻ നഷ്ടമാകുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. അതിനു പുറമെ ജീക്സൺ, വിബിൻ മോഹനൻ, രാഹുൽ കെപി എന്നീ താരങ്ങളും പരിക്കിന്റെ പിടിയിലാണ്. ഇതിൽ ജീക്സൺ അടുത്ത മത്സരത്തിൽ തിരിച്ചു വരുമെന്ന റിപ്പോർട്ടുകളുണ്ടെങ്കിലും നിരവധി മത്സരങ്ങൾ താരത്തിന് നഷ്ടമായിട്ടുണ്ട്.
🚨Kerala Blasters player Dimitrios Diamantakos is resting due to muscle strain. It is nothing serious and the player is expected to be active in Blasters training camp soon. #kbfc #footballexclusive pic.twitter.com/zefRIn1SPd
— football exclusive (@footballexclus) February 5, 2024
ഇതിനു പുറമെ പലപ്പോഴായി മറ്റു താരങ്ങളെയും ബ്ലാസ്റ്റേഴ്സിന് നഷ്ടമായിട്ടുണ്ട്. എന്തായാലും ആ നിരയിലേക്ക് മറ്റൊരു താരമാകുമോ ടീമിന്റെ പ്രധാന സ്ട്രൈക്കറായ ദിമിത്രിയോസ് എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഇപ്പോൾ ആശങ്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ ദിവസം മസിൽ സ്ട്രെയിൻ കാരണം ദിമിത്രിയോസിനു പരിശീലനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
നിലവിലെ സാഹചര്യത്തിൽ ദിമിത്രിയോസിനെ ഒരു മത്സരത്തിൽ നഷ്ടമായാൽ പോലും അത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വലിയ തിരിച്ചടിയാണ്. അഡ്രിയാൻ ലൂണ പരിക്കേറ്റു പുറത്തു പോയതിൽ പിന്നെ ടീമിന്റെ നട്ടെല്ലായി നിൽക്കുന്നത് ദിമിത്രിയോസാണ്. ലൂണ പോയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിച്ച എല്ലാ ഐഎസ്എൽ മത്സരങ്ങളിലും താരം ഗോളും നേടിയിട്ടുണ്ട്.
എന്നാൽ ദിമിത്രിയോസിന്റെ പരിക്ക് അത്ര ഗുരുതരമായ ഒന്നല്ലെന്നാണ് സൂചനകൾ. ചെറിയൊരു അസ്വസ്ഥത തോന്നിയതിനാൽ വിശ്രമം ആവശ്യമാണ് എന്നതിനാലാണ് പരിശീലനത്തിൽ പങ്കെടുക്കാതിരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നത്. അടുത്ത മത്സരം പന്ത്രണ്ടിന് ആയതിനാൽ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള സമയം താരത്തിനുണ്ടെന്നതും ആശ്വാസമാണ്.
Dimitrios Resting Due To Muscle Discomfort