ഈ ലീഗിന്റെ പോക്ക് നാശത്തിലേക്കാണ്, ഇതാണ് അവസ്ഥയെങ്കിൽ ഐഎസ്എൽ അധികകാലം ഉണ്ടാകില്ലെന്ന് മുന്നറിയിപ്പ് | ISL

ഇന്ത്യൻ സൂപ്പർ കപ്പിൽ ഒഡിഷ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ ഉണ്ടായ പ്രശ്‌നങ്ങളുടെ പേരിൽ കഴിഞ്ഞ ദിവസം രണ്ടു താരങ്ങൾക്ക് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് നൽകിയിരുന്നു. മുംബൈ സിറ്റിയുടെ റസ്റ്റിൻ ഗ്രിഫിത്ത്‌സിനു അഞ്ചു മത്സരങ്ങളിലും പെരേര ഡയസിനു നാല് മത്സരങ്ങളിലുമാണ് വിലക്ക് നൽകിയത്.

റസ്റ്റിൻ ഗ്രിഫിത്ത്‌സ് ഇന്ത്യ വിട്ടതിനാൽ ഈ വിലക്ക് താരത്തിന് നിലവിൽ ബാധകമാകില്ല. അതേസമയം ഈ വിലക്കിനെതിരെ വിവിധ രൂപത്തിലുള്ള അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും വരുന്നത്. താരങ്ങൾ പ്രതിഷേധിക്കുന്നത് റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾക്ക് എതിരെയാണ്. അതിന്റെ പേരിൽ അവരെ വിലക്കി എത്ര കാലം ഈ ലീഗിന് മുന്നോട്ടു പോകാൻ കഴിയുമെന്ന ചോദ്യം പലരും ഉയർത്തുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾ നിരന്തരം ഉണ്ടാകുന്നതിനെ ഒരുപാട് തവണ ആരാധകർ ചോദ്യം ചെയ്‌തിട്ടുണ്ട്‌. എന്നാൽ അതിൽ യാതൊരു തരത്തിലുള്ള മാറ്റവും വരുത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറായിട്ടില്ല. വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരുമെന്ന വാഗ്‌ദാനം നൽകിയെങ്കിലും അതിനു വേണ്ടി യാതൊരു നീക്കവും നടക്കുന്നില്ല.

അതേസമയം റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന താരങ്ങളെ നിരന്തരം വിലക്കുന്നത് തുടരുന്നു. റഫറിമാരുടെ നിലവാരം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്താതിരിക്കുകയും അതിനെതിരെയുള്ള പ്രതിഷേധങ്ങളെ ഇത്തരത്തിൽ അടിച്ചമർത്തുകയും ചെയ്‌തു കൊണ്ടിരുന്നാൽ മികച്ച താരങ്ങൾ ഈ ലീഗിലേക്ക് വരാൻ മടിക്കുമെന്നത് യാഥാർഥ്യമാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസൺ നടന്നു കൊണ്ടിരിക്കെ ടീമുകളുടെ കളിയുടെ നിലവാരത്തിലും മറ്റും ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. എന്നാൽ അതിനനുസരിച്ച് ലീഗിന്റെ സാങ്കേതികപരമായ കാര്യങ്ങളുടെ നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. അതിലേക്ക് ശ്രദ്ധ കൊടുത്തില്ലെങ്കിൽ മികച്ച താരങ്ങളും ആരാധകരും ഇല്ലാതെ ഐഎസ്എൽ ഇല്ലാതായിപ്പോകാനും സാധ്യതയുണ്ട്.

ISL Need To Improve Says Fans After AIFF Ban Over Mumbai City Players