യുവതാരങ്ങളെ വളർത്തുന്നതിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബഹുദൂരം മുന്നിൽ, മറ്റെല്ലാ ഐഎസ്എൽ ക്ലബുകളെയും പിന്നിലാക്കി | Kerala Blasters

യുവതാരങ്ങൾക്ക് അവസരം നൽകി അവരുടെ വളർച്ചയെ സഹായിക്കുന്ന കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മറ്റുള്ള ഐഎസ്എൽ ക്ലബുകളെക്കാൾ ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം ഈ സീസണിൽ ഇരുപത്തിയൊന്ന് വയസിൽ താഴെ പ്രായമുള്ള യുവതാരങ്ങൾക്ക് ഏറ്റവുമധികം മിനുട്ടുകൾ നൽകിയ ക്ലബുകളുടെ ലിസ്റ്റ് ദി ബ്രിഡ്‌ജ്‌ ഫുട്ബോൾ പുറത്തു വിട്ടപ്പോൾ അതിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബഹുദൂരം മുന്നിലാണ്.

നാല് U21 താരങ്ങളെ ഉപയോഗിച്ചിട്ടുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം ഇതുവരെ അവർക്ക് 1894 മിനുട്ടുകൾ ഈ സീസണിൽ നൽകിയിട്ടുണ്ട്. ഈ താരങ്ങളെല്ലാം കൂടി മുപ്പത്തിയേഴു തവണ ഈ സീസണിൽ കളത്തിലിറങ്ങി. ഇതിൽ വിബിൻ മോഹനൻ, അസ്ഹർ, അയ്‌മൻ എന്നീ താരങ്ങൾ ടീമിലെ സ്ഥിരസാന്നിധ്യമാണ്. ഫ്രഡി മാത്രമാണ് വളരെ കുറച്ചു മിനുട്ടുകൾ കളിച്ച താരം.

വിബിൻ മോഹനൻ പതിനൊന്നു മത്സരങ്ങളിലായി 750 മിനുട്ടുകൾ കളിച്ചപ്പോൾ മൊഹമ്മദ് അയ്‌മൻ 13 മത്സരങ്ങളിലായി 682 മിനുട്ടുകളാണ് കളത്തിലിറങ്ങിയിരിക്കുന്നത്. അയ്‌മന്റെ സഹോദരനായ അസ്ഹർ എട്ടു മത്സരങ്ങളിൽ നിന്നും 370 മിനുട്ടുകളാണ് കളിച്ചത്. ഫ്രഡി അഞ്ചു മത്സരങ്ങളിൽ 92 മിനുട്ട് കളത്തിലിറങ്ങി. വിബിനു പരിക്കേറ്റില്ലായിരുന്നെങ്കിൽ മിനിറ്റുകളുടെ എണ്ണം കൂടുതൽ ഉയർന്നേനെ.

1362 മിനുട്ടുകൾ അണ്ടർ 21 താരങ്ങൾക്ക് നൽകിയ നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. 1340 മിനുട്ടുകൾ യുവതാരങ്ങളെ കളിപ്പിച്ച ജംഷഡ്‌പൂർ എഫ്‌സി മൂന്നാമതും 1115 മിനുട്ടുകൾ നൽകിയ പഞ്ചാബ് എഫ്‌സി നാലാമതും നിൽക്കുന്നു. 992 മിനുട്ടുകൾ നൽകിയ ചെന്നൈയിൽ എഫ്‌സിയാണ് ലിസ്റ്റിൽ അഞ്ചാമത് നിൽക്കുന്നത്.

പോയിന്റ് ടേബിളിൽ ആദ്യ സ്ഥാനങ്ങളിൽ നിൽക്കുന്ന ഭൂരിഭാഗം ക്ലബുകളും യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാത്തവരാണ്. നിലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒഡിഷ എഫ്‌സി 33 മിനുട്ട് മാത്രം യുവതാരങ്ങൾക്ക് അവസരം നൽകി ഈ ലിസ്റ്റിൽ അവസാനമാണ്. മുംബൈ സിറ്റി, എഫ്‌സി ഗോവ എന്നീ ക്ലബുകളും യുവതാരങ്ങളെ വേണ്ടത്ര പരിഗണിച്ചിട്ടില്ല.

Kerala Blasters First In Playing Time Given To Youth Players