“ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല, ഞാൻ ശരിക്കും ഞെട്ടിപ്പോയി”- കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെക്കുറിച്ച് ദിമിത്രിസിന്റെ വാക്കുകൾ | Dimitris

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകക്കൂട്ടമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള ആരാധകരെ ലോകം അറിയുന്ന തലത്തിലേക്ക് അവർ വളർന്നു കഴിഞ്ഞിരിക്കുന്നു. ടീമിന് നൽകുന്ന മികച്ച പിന്തുണയും അതുപോലെതന്നെ സംഘടിതമായി നടത്തുന്ന പ്രവർത്തനങ്ങളുമാണ് ഈ തരത്തിൽ പ്രശസ്‌തരാവാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സഹായിച്ചിട്ടുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുന്ന വിദേശതാരങ്ങൾ ഈ ടീമിന് ആരാധകർ നൽകുന്ന പിന്തുണ കണ്ട് പലപ്പോഴും അത്ഭുതപ്പെട്ടു പോകാറുണ്ട്. സ്വന്തം മൈതാനത്ത് മാത്രമല്ല, എതിരാളികളുടെ മൈതാനത്തും വിദേശത്തു വരെ വലിയ പിന്തുണയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകാറുള്ളത്. കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ആധിപത്യം കണ്ടു ഞെട്ടിയ കാര്യം സ്‌ട്രൈക്കറായ ദിമിത്രിസ് വെളിപ്പെടുത്തുകയുണ്ടായി.

“ഇതുപോലെയൊരു പിന്തുണ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് സത്യസന്ധമായ കാര്യം. അവർക്ക് മികച്ചൊരു ഫാൻബേസ് ഉണ്ടെന്നും അത് മനോഹരമായ ഒന്നാണെന്നും എന്നോട് പറഞ്ഞിരുന്നു. എന്നാൽ ആദ്യത്തെ മത്സരം കളിക്കുന്ന സമയത്ത് ഞാൻ കണ്ടത് എനിക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. ഇത്ര വലിയ ആരാധകക്കൂട്ടം ടീമിനുണ്ടെന്നത് എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല.”

“എന്നാലത് ഞങ്ങളുടെ സ്റ്റേഡിയത്തിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല. ഞാൻ എത്തിയ സമയത്ത് ദുബായിലേക്ക് പോയിരുന്നു. ടീം ആ സമയത്ത് അവിടെയായിരുന്നു. ദുബായിൽ ഏതാണ്ട് അയ്യായിരത്തോളം ആളുകളാണ് ഉണ്ടായിരുന്നത്. ഞാൻ ഞെട്ടിപ്പോയി, എന്താണ് സംഭവിക്കുന്നതെന്ന് എന്നോട് തന്നെ ചോദിച്ചു. ഞങ്ങളുടെ ആരാധകർ അടിപൊളിയാണ്. ഹോം, എവേ മത്സരങ്ങളിലെല്ലാം അവർ പിന്തുണ നൽകുന്നു.” ദിമിത്രിസ് പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏഷ്യയിൽ തന്നെ ആധിപത്യം സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. കഴിഞ്ഞ മാസങ്ങളിൽ ഏറ്റവുമധികം സോഷ്യൽ മീഡിയ ഇന്ററാക്ഷൻ നടന്ന ഏഷ്യൻ ക്ലബുകളുടെ പട്ടിക എടുത്തു നോക്കിയാൽ അതിൽ ബ്ലാസ്റ്റേഴ്‌സ് റൊണാൾഡോയുടെ ക്ലബായ അൽ നസ്റിന് പിന്നിൽ രണ്ടാമതുണ്ട്. റൊണാൾഡോയുടെ സാന്നിധ്യം ഇല്ലെങ്കിൽ അൽ നസ്‌റിനെ പോലും ബ്ലാസ്റ്റേഴ്‌സ് പിന്നിലാക്കിയേനെ.

Dimitris On Kerala Blasters Fans