മൂന്നു ഗുളികയും ഒരു ഇഞ്ചക്ഷനുമില്ലെങ്കിൽ എനിക്ക് ഒരു മിനുട്ട് പോലും കളിക്കാനാവില്ല, കടുത്ത വേദനയിലാണ് കളിക്കുന്നതെന്ന് സുവാരസ് | Luis Suarez

സമകാലീന ഫുട്ബോൾ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ലൂയിസ് സുവാരസ്. കളിച്ച ക്ലബുകൾക്കെല്ലാം വേണ്ടി ഗോളുകൾ അടിച്ചു കൂട്ടിയിട്ടുള്ള താരം ക്ലബ് കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി. മെസിയും റൊണാൾഡോയും മിന്നും ഫോമിൽ കളിച്ചിരുന്ന സമയത്ത് അവരെ മറികടന്ന് രണ്ടു യൂറോപ്യൻ ഗോൾഡൻ ബൂട്ടുകൾ സ്വന്തമാക്കിയത് സുവാരസിന്റെ പ്രതിഭയ്ക്ക് തെളിവാണ്.

യൂറോപ്പ് വിട്ട് ബ്രസീലിയൻ ക്ലബായ ഗ്രെമിയോയിൽ കളിക്കുന്ന താരം സീസൺ അവസാനിക്കുന്നതോടെ ക്ലബ് വിടാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസം ഗ്രെമിയോയുടെ മൈതാനത്ത് അവസാനത്തെ മത്സരം കളിച്ച താരം ആരാധകരോട് യാത്ര പറഞ്ഞിരുന്നു. താരം ലയണൽ മെസിക്കൊപ്പം ഇന്റർ മിയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അതിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

കഠിനമായ വേദന സഹിച്ചാണ് താൻ കളിക്കുന്നതെന്നാണ് ലൂയിസ് സുവാരസ് പറയുന്നത്. അതുകൊണ്ടു തന്നെ തനിക്ക് കൃത്യമായ വിശ്രമം ആവശ്യമാണെന്നും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കണമെന്നും താരം പറയുന്നു. ഓരോ മത്സരത്തിനു മുൻപും ഗുളികയും ഇഞ്ചക്ഷനും എടുക്കാറുണ്ടെന്നും തന്റെ മകന്റെ കൂടെപ്പോലും തനിക്ക് കളിക്കാൻ കഴിയാറില്ലെന്നും താരം പറയുന്നു.

“ഓരോ മത്സരത്തിനും ദിവസങ്ങൾ മുൻപ് ഞാൻ മൂന്നു ഗുളികകൾ കഴിക്കുന്നു, മണിക്കൂറുകൾക്ക് മുൻപ് ഒരു ഇഞ്ചക്ഷൻ എടുക്കുന്നു. അതില്ലെങ്കിൽ എനിക്ക് കളിക്കാനാവില്ല. ഏതാനും വർഷങ്ങൾക്ക് ശേഷം ഫൈവ്‌സ് കളിക്കാൻ പോലും എനിക്ക് കഴിഞ്ഞേക്കില്ല. എന്റെ മകൻ അവനോടൊപ്പം കളിക്കാൻ ആവശ്യപ്പെടുമ്പോൾ അതിനു പോലും എനിക്ക് കഴിയുന്നില്ല.” സുവാരസ് പറയുന്നു.

കഠിനമായ വേദന സഹിച്ച് കളിക്കുമ്പോഴും ടീമിനായി മികച്ച പ്രകടനമാണ് സുവാരസ് നടത്തുന്നത്. ഒരു മത്സരം ബാക്കി നിൽക്കെ ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഗ്രെമിയോക്ക് വേണ്ടി പതിനഞ്ചു ഗോളുകളും പതിനൊന്ന് അസിസ്റ്റും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. എന്തായാലും കരിയർ അവസാനിപ്പിക്കാനുള്ള പദ്ധതി താരത്തിനില്ലെന്നാണ് കരുതേണ്ടത്.

Luis Suarez Reveals His Sad Fitness Update