ബാഴ്‌സയെ കൂടുതൽ കരുത്തരാക്കാൻ ബ്രസീലിയൻ ടൈഗറെത്തുന്നു, ബ്രസീലിയൻ ക്ലബിനോട് യാത്ര പറഞ്ഞു | Vitor Roque

സ്‌പാനിഷ്‌ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്‌സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കി ബാഴ്‌സലോണ ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്. ഈ സീസണിൽ സ്ഥിരതയില്ലാതെ കളിച്ചിരുന്ന ബാഴ്‌സലോണക്ക് പ്രധാന താരങ്ങളെ നഷ്‌ടമായതിന്റെ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു. എന്തായാലും അത്ലറ്റികോ മാഡ്രിഡിനെതിരെ മികച്ച പ്രകടനം തന്നെയാണ് ടീം നടത്തിയതെന്ന കാര്യത്തിൽ സംശയമില്ല.

ജോവോ ഫെലിക്‌സ് വിജയഗോൾ നേടിയ മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് ആശങ്ക നൽകിയത് ടീമിലെ പ്രധാന സ്‌ട്രൈക്കറായ ലെവൻഡോസ്‌കിയുടെ പ്രകടനമാണ്. ഒരു ക്ലിനിക്കൽ സ്‌ട്രൈക്കർ ആയിരുന്ന, അർദ്ധാവസരങ്ങൾ പോലും ഗോളാക്കി മാറ്റിയിരുന്നു ലെവൻഡോസ്‌കി പതറുന്ന കാഴ്‌ചയാണ്‌ ഈ സീസണിൽ പലപ്പോഴും കാണുന്നത്. അത് ടീമിന്റെ പ്രകടനത്തെയും പലപ്പോഴും ബാധിക്കുന്നുണ്ട്.

അതേസമയം ബാഴ്‌സലോണയുടെ പ്രതിസന്ധികൾക്ക് ജനുവരിയിൽ പരിഹാരമുണ്ടാകാനുള്ള എല്ലാ സാധ്യതയും തുറന്നിട്ടുണ്ട്. അടുത്ത സമ്മറിൽ വരുമെന്ന് പ്രതീക്ഷിച്ച ബ്രസീലിയൻ താരം വിറ്റോർ റോക്യൂ ഈ ജനുവരിയിൽ തന്നെ ടീമിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ ക്ലബായ അത്ലറ്റികോ പരാനെന്സിന്റെ മൈതാനത്ത് താരം അവസാനത്തെ മത്സരമാണ് കളിച്ചത്.

തന്റെ ടീമിനോട് യാത്ര പറഞ്ഞ താരത്തിന് ഇനി ക്ലബിനൊപ്പം ഒരു മത്സരം കൂടി മാത്രമേ ബാക്കിയുള്ളൂ. അതിൽ വിജയിപ്പിച്ച് കോപ്പ ലിബർട്ടഡോസ് യോഗ്യതക്ക് വേണ്ടിയുള്ള പ്ലേ ഓഫിലേക്ക് ടീമിനെ എത്തിക്കുകയെന്നാണ് താരത്തിന്റെ ലക്‌ഷ്യം. ഈ സീസണിൽ പന്ത്രണ്ടു ഗോളുകളും മൂന്ന് അസിസ്റ്റും ലീഗിൽ സ്വന്തമാക്കിയ പതിനെട്ടുകാരനായ താരം ടോപ് സ്കോറർമാരിൽ എട്ടാം സ്ഥാനത്താണ്.

പതിനെട്ടാം വയസിൽ തന്നെ ബ്രസീലിൽ നിന്നുള്ള പ്രതിഭകളിൽ ഒരാളായി വാഴ്ത്തപ്പെട്ട റോക്യൂ വരുന്നതോടെ ബാഴ്‌സലോണ മുന്നേറ്റനിരയിൽ മത്സരം ശക്തമാകും. ഇത് ലെവൻഡോസ്‌കിക്ക് കൂടുതൽ മികച്ച പ്രകടനം നടത്താനുള്ള സമ്മർദ്ദവും വർധിപ്പിക്കും. എന്തായാലും ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് കൂടുതൽ കരുത്ത് നൽകുന്നതാണ് താരത്തിന്റെ വരവ്. അതേസമയം ബാഴ്‌സലോണയുടെ എതിരാളികളായ റയൽ മാഡ്രിഡ് ജനുവരിയിൽ ഒരു താരത്തെയും സ്വന്തമാക്കുന്നില്ല.

Vitor Roque Join Barcelona In January