ലോകത്തിലെ ഏറ്റവും മികച്ച ഫാൻസ്, ഒടുവിൽ യൂറോപ്യൻ വമ്പന്മാരും അംഗീകരിച്ചു ബ്ലാസ്റ്റേഴ്സ് ഫാൻസിന്റെ കരുത്ത്
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശമുണ്ടാക്കിയാണ് ട്വിറ്റർ പോളിങ്ങിലൂടെ നടന്ന ഫിയാഗോ ഫാൻസ് കപ്പ് ഫൈനലിൽ ക്ലബ് വിജയം നേടിയത്. കഴിഞ്ഞ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ കളിച്ച ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് കീഴടക്കിയതെന്നതാണ് ആരാധകർക്ക് ആവേശമുണ്ടാക്കിയത്.
ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ഫാൻബേസുകളിൽ ഒന്നായി കണക്കാക്കുന്നവരാണ് ബൊറൂസിയ ഡോർട്ട്മുണ്ട് ആരാധകർ. ജർമൻ ക്ലബിന്റെ ഒഫീഷ്യൽ പേജിൽ നിന്നും മൂന്നു തവണ വോട്ടിനായി അഭ്യർത്ഥിച്ചിട്ടും ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കാൻ അവർക്കു കഴിഞ്ഞില്ല.
Something we can agree on 🤝 https://t.co/66n1hp5S1L pic.twitter.com/IeprbHdNea
— Borussia Dortmund (@BlackYellow) October 11, 2024
സോഷ്യൽ മീഡിയയിൽ ഫാൻസ് വോട്ടു ചെയ്ത് നടക്കുന്ന മത്സരമാണെങ്കിലും ക്ലബ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇതുകൊണ്ടു കഴിയുമെന്നതിൽ സംശയമില്ല. ഇഞ്ചോടിഞ്ചു പോരാട്ടം നടന്ന ഫൈനലിൽ തോൽവി വഴങ്ങിയതിനു ശേഷം ബൊറൂസിയ ഡോർട്ട്മുണ്ട് ഇട്ട പോസ്റ്റിൽ നിന്നും ഇത് വ്യക്തമാണ്.
കേരള ബ്ലാസ്റ്റേഴ്സും ബൊറൂസിയ ഡോർട്ട്മുണ്ടും ലോകത്തിലെ മികച്ച ഫാൻ ബേസാണെന്നത് അംഗീകരിക്കുന്നത് സൂചിപ്പിക്കുന്ന പോസ്റ്റാണ് ജർമ്മൻ ക്ലബ് തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ഇതിനു മറുപടിയായി തങ്ങളുടെ സ്നേഹം കേരള ബ്ലാസ്റ്റേഴ്സും പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ ഫാൻസ് തങ്ങൾ തന്നെയാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇതിലൂടെ ഒരിക്കൽ കൂടി തെളിയിച്ചു. ഫാൻസ് പവറിന്റെ കാര്യത്തിൽ കൊമ്പന്മാരെ മറികടക്കാൻ യൂറോപ്പിലെ വമ്പൻ ക്ലബിന് പോലും കഴിഞ്ഞില്ലെന്നത് ലോകത്തിലെ മികച്ച ഫാൻബേസുകളിൽ ഒന്നായി ബ്ലാസ്റ്റേഴ്സ് വളരുന്നതിന്റെ ലക്ഷണമാണ്.