സൂപ്പർകപ്പ് കേരളത്തിന്റെ മാനം കെടുത്തുമോ, കൊച്ചിയെ ഒഴിവാക്കിയതിൽ സംശയങ്ങളേറെ

ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ട ടൂർണമെന്റാണ് സൂപ്പർകപ്പെന്ന കാര്യത്തിൽ സംശയമില്ല. പതിനൊന്ന് ഐഎസ്എൽ ടീമുകളും പത്ത് ഐ ലീഗ് ടീമുകളും ഏപ്രിൽ മാസത്തിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ നിന്നും രണ്ടു ടീമുകൾ കേരളത്തിൽ വെച്ച് തന്നെ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതും ആരാധകർക്ക് ആവേശമുണ്ടാക്കുന്ന കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സും ഗോകുലം കേരളയുമാണ് കേരളത്തിൽ നിന്നും പങ്കെടുക്കുന്ന ടീമുകൾ.

അതേസമയം അവസാന നിമിഷത്തിൽ ടൂര്ണമെന്റിനുള്ള വേദികളിൽ നിന്നും കൊച്ചിയും തിരുവനന്തപുരവും ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ കോഴിക്കോടും പയ്യനാടും വെച്ച് മത്സരങ്ങൾ നടത്താനാണ് തീരുമാനം. എന്നാൽ ഇന്ത്യയിലെ തന്നെ വമ്പൻ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമോയെന്ന കാര്യത്തിലാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്.

ഇത്രയും ടീമുകൾ വരുമ്പോൾ അവർക്ക് താമസസൗകര്യം, പരിശീലനത്തിനുള്ള സൗകര്യം, ജിം, മെഡിക്കൽ സപ്പോർട്ട് എന്നിവ നിർബന്ധമാണ്. കോഴിക്കോടിനേയും പയ്യനാടിനെയും അപേക്ഷിച്ച് ഇതിനെല്ലാം കൂടുതൽ സൗകര്യം കൊച്ചിയും തിരുവനന്തപുരവും തന്നെയാണ്. അതിനു പുറമെ സ്റ്റേഡിയങ്ങളുടെ നിലവാരവും പ്രശ്‌നമാണ്. പയ്യനാട് സ്റ്റേഡിയം വലിയ കുഴപ്പമില്ലെങ്കിലും കൊച്ചി കോർപ്പറേഷൻ സ്റ്റേഡിയം ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്.

കേരള ഫുട്ബോൾ അസോസിയേഷൻ പണം വാരുന്നതിനു വേണ്ടിയാണ് കൊച്ചി, തിരുവനന്തപുരം വേദികളെ ഒഴിവാക്കിയതെന്നാണ് അഭ്യൂഹങ്ങളുള്ളത്. ഈ സ്റ്റേഡിയങ്ങളിൽ ടൂർണമെന്റ് നടത്താൻ കൂടുതൽ വാടക നൽകണം. അത് ഒഴിവാക്കുന്നതിന് പുറമെ മലബാറിൽ വെച്ച് മത്സരങ്ങൾ നടത്തിയാൽ കൂടുതൽ ആരാധകർ മത്സരം കാണാനെത്തുമെന്നതിൽ സംശയമില്ല. ഇതുവഴിയും പണം വാരാൻ അവർക്ക് കഴിയും.

ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ടൂർണമെന്റാണ് കേരളത്തിൽ നടക്കാൻ പോകുന്നത്. ഇതിനെ സന്തോഷ് ട്രോഫി നിലവാരത്തിലാണ് കേരളത്തിലെ അധികൃതർ കാണുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. വിദേശതാരങ്ങളടക്കം മത്സരിക്കുന്ന ടൂർണമെന്റ് അതിന്റെ ഭംഗിയോടെ നടത്തേണ്ടത് വലിയൊരു ഉത്തരവാദിത്വമാണ്. കോവിഡ് സമയത്ത് ഗോവ ഐഎസ്എൽ മത്സരങ്ങൾ ഒരു കുറവും വരാതെ സംഘടിപ്പിച്ചത് കേരളം മാതൃകയാക്കണം എന്നാണു ആവശ്യം.