“കൊച്ചി ഞങ്ങളുടെ കോട്ടയാണ്, അവിടെ ഒരു പോയിന്റ് പോലും നഷ്‌ടപെടുത്താൻ കഴിയില്ല”- ബ്ലാസ്റ്റേഴ്‌സിന്റെ വിജയശിൽപ്പിയായ ഡ്രിങ്കിച്ച് പറയുന്നു | Drincic

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് അവസാനം വരെ പൊരുതിയാണ് വിജയം നേടിയത്. പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരാണ് ഹൈദരാബാദ് എങ്കിലും അവർ വലിയ വെല്ലുവിളി തന്നെ ബ്ലാസ്റ്റേഴ്‌സിനു സമ്മാനിച്ചിരുന്നു. രണ്ടു ടീമുകളും മികച്ച പോരാട്ടം കാഴ്‌ച വെച്ച മത്സരം ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. ആദ്യപകുതിയിൽ നേടിയ ഒരേയൊരു ഗോളിന് ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് വിജയം നേടുകയായിരുന്നു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിജയമുറപ്പിച്ച ഗോൾ നേടിയത് ടീമിന്റെ പ്രതിരോധതാരമായ മിലോസ് ഡ്രിങ്കിച്ചാണ്. ഈ സീസണിൽ ടീമിലെത്തിയ മോണ്ടിനെഗ്രോ താരമായ മിലോസ് നാൽപത്തിയൊന്നാം മിനുട്ടിലാണ് ഗോൾ കണ്ടെത്തിയത്. ഒരു കോർണറിനു ശേഷമുണ്ടായ മുന്നേറ്റത്തിനൊടുവിൽ അഡ്രിയാൻ ലൂണ നൽകിയ പാസ് വലയിലേക്ക് തട്ടിയിട്ടാണ് മിലോസ് ടീമിന്റെ വിജയഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സിനായി താരം നേടുന്ന ആദ്യത്തെ ഗോളായിരുന്നു അത്.

മത്സരം കൊച്ചിയിൽ വെച്ചാണ് നടന്നത് എന്നതിനാൽ തന്നെ ടീമിന് വലിയ ഊർജ്ജമാണ് ലഭിച്ചത്. ആദ്യം മുതൽ അവസാനം വരെ കാണികൾ ആവേശകരമായ പിന്തുണ ടീമിന് നൽകാൻ ശ്രദ്ധിച്ചിരുന്നു. അത് ടീമിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്‌തു. മത്സരത്തിന് ശേഷം ടീമിനായി വിജയഗോൾ നേടിയ മിലോസും കൊച്ചിയിലെ ആരാധകപിന്തുണയെക്കുറിച്ചും അവിടെ വിജയം നേടേണ്ടതിന്റെ പ്രാധാന്യം എത്ര വലുതാണെന്നതിനെ കുറിച്ചും സംസാരിച്ചു.

“ഇത് ഞങ്ങളുടെ വീടാണ്, അതിനാൽ തന്നെ ഇവിടെ ഞങ്ങളെ ഏറ്റവും മികച്ച രീതിയിൽ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. ഇവിടെ ഞങ്ങൾക്ക് ഒരു പോയിന്റും നഷ്‌ടപ്പെടുത്താൻ കഴിയില്ല.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മിലോസ് പറഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയും സ്റ്റേഡിയത്തിലെ അതിമനോഹരമായ അന്തരീക്ഷവും താരത്തെ എത്രത്തോളം ആവേശത്തിലാക്കി എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

മിലോസ് പറഞ്ഞതു പോലെത്തന്നെ ഈ സീസണിൽ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്‌സ് പോയിന്റുകൾ അധികം നഷ്‌ടപ്പെടുത്തിയിട്ടില്ല. ഈ സീസണിൽ കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചും സ്വന്തം മൈതാനത്ത് കളിച്ച ബ്ലാസ്റ്റേഴ്‌സ് അതിൽ നാലെണ്ണത്തിലും വിജയം നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടന്ന മത്സരത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയത്. എന്തായാലും നിലവിൽ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്.

Drincic About Win Against Hyderabad FC