വിലക്കു മാറി തിരിച്ചെത്തിയ ഡ്രിങ്കിച്ച് നിറഞ്ഞാടി, കൊച്ചിയിൽ ഹൈദരാബാദിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ വിജയം നേടി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. മൂന്നു മത്സരങ്ങളിലെ വിലക്ക് കഴിഞ്ഞു തിരിച്ചെത്തി ടീമിന്റെ വിജയഗോൾ നേടുകയും പ്രതിരോധത്തിൽ നിർണായകമായ പ്രകടനം നടത്തുകയും ചെയ്‌ത മിലോസ്‌ ഡ്രിങ്കിച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോയായത്. വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.

രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ ആദ്യപകുതിയായിരുന്നു മത്സരത്തിലേത്. പോയിന്റ് ടേബിളിൽ അവസാനസ്ഥാനത്തു കിടക്കുന്ന ടീമാണെന്നത് ഹൈദെരാബാദിന്റെ കളിയിൽ പ്രതിഫലിച്ചില്ല. ബ്ലാസ്റ്റേഴ്‌സും ഒട്ടും മോശമായിരുന്നില്ല. തുടർച്ചയായ മുന്നേറ്റങ്ങൾ സംഘടിപ്പിച്ച അവർക്ക് ഫിനിഷിങ്ങിലെ പോരായ്‌മകളാണ് തിരിച്ചടിയായത്. പെപ്രയും പ്രതിരോധനിരതാരമായ ഡ്രിങ്കിച്ചും മികച്ച അവസരങ്ങൾ നഷ്ടമാക്കിയപ്പോൾ ഹൈദരാബാദ് പ്രതിരോധത്തിന്റെ ഇടപെടലും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളെ തടഞ്ഞു.

മറുവശത്ത് ഹൈദെരാബാദിന്റെ ഒരു ക്ലോസ് റേഞ്ച് ഹെഡർ രക്ഷപ്പെടുത്തിയ സച്ചിൻ സുരേഷ് വീണ്ടും ടീമിന്റെ രക്ഷകനായി. തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾ പിറക്കുന്നത് ആദ്യപകുതിക്ക് തൊട്ടു മുൻപ് നാൽപത്തിയൊന്നാം മിനുട്ടിലാണ്. ഒരു കോർണറിനു ശേഷമുണ്ടായ മുന്നേറ്റത്തിൽ അഡ്രിയാൻ ലൂണ നൽകിയ പാസിൽ നിന്നും മിലോസ് ഡ്രിങ്കിച്ചാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡ്രിങ്കിച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡ് വർധിപ്പിക്കേണ്ടതായിരുന്നു. ഒരു കോർണറിൽ നിന്നും താരം ഉതിർത്ത ഹെഡർ പോസ്റ്റിൽ തട്ടി തെറിച്ചു പോന്നു. അതിനു പുറമെയും ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങൾ ഉണ്ടായിരുന്നു. അതിനിടയിൽ പ്രതിരോധത്തിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായത് ഹൈദരാബാദ് എഫ്‌സിക്ക് മുതലെടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും അവരും അതിൽ പരാജയപ്പെട്ടത് ബ്ലാസ്റ്റേഴ്‌സിന് ഗുണമായി.

രണ്ടാം പകുതി കുറച്ചു സമയം കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ പൂർണമായും പിടിമുറുക്കുന്നതാണു കണ്ടത്. ഹൈദരാബാദിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ച അവർ അപകടകരമായ രീതിയിൽ പ്രത്യാക്രമണങ്ങൾ സംഘടിപ്പിക്കുകയും ചെയ്‌തു. ലീഡുയർത്താൻ ബ്ലാസ്റ്റേഴ്‌സിന് അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും മുതലാക്കാൻ കഴിഞ്ഞില്ല. അവസാന മിനുട്ടിൽ ഹൈദരാബാദിന്റെ ഒരു ലോങ്ങ് റേഞ്ചർ അവിശ്വസനീയമായ രീതിയിൽ തടഞ്ഞിട്ട് സച്ചിൻ ടീമിനെ രക്ഷിച്ചു.

Kerala Blasters Won Against Hyderabad FC In ISL