റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും മോഹിക്കേണ്ട, മെസിയുടെ പിൻഗാമിക്ക് ചേക്കേറാൻ താൽപര്യം ബാഴ്‌സലോണയിലേക്ക് | Echeverri

കൗഡിയോ എച്ചെവെരിയെന്ന പേര് യൂറോപ്യൻ ക്ലബുകളുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങളിൽ കുറച്ചു നാളുകളായി മുഴങ്ങിക്കേൾക്കുന്നുണ്ടെങ്കിലും ഇന്നലെ മുതൽ അത് വേറെ തലത്തിലേക്ക് നീങ്ങിയിട്ടുണ്ടാകും എന്നുറപ്പാണ്. കഴിഞ്ഞ ദിവസം നടന്ന അണ്ടർ 17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരെ ഹാട്രിക്ക് നേടിയ താരം അർജന്റീനയെ സെമി ഫൈനലിലേക്ക് നയിച്ചു. അതിമനോഹരമായ മൂന്നു ഗോളുകളാണ് താരം മത്സരത്തിൽ സ്വന്തമാക്കിയത്.

ലയണൽ മെസിയുടെ പിൻഗാമിയായാണ് എച്ചെവെരി മുൻപും അറിയപ്പെട്ടിരുന്നതെങ്കിലും കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തോടെ എല്ലാവരും അതൊന്നുകൂടി ഉറപ്പിച്ചിട്ടുണ്ട്. ഡ്രിബ്ലിങ്, പൊസിഷനിംഗ്, ഷൂട്ടിങ്, പാസിംഗ് എന്നിങ്ങനെ കളിക്കളത്തിലെ സമസ്‌ത മേഖലകളിലും അത്രയേറെ സാദൃശ്യം അവർ പുലർത്തുന്നുണ്ട്. ലയണൽ മെസിയുടെ കടുത്ത ആരാധകനായ എച്ചെവെരി ഇനി ചേക്കേറാൻ ആഗ്രഹിക്കുന്ന ക്ലബ് ബാഴ്‌സലോണയാണെന്നതു കൂടി ഇതിനൊപ്പം എടുത്തു പറയേണ്ടതാണ്.

അണ്ടർ 17 ലോകകപ്പിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പതിനേഴുകാരനായ റിവർപ്ലേറ്റ് താരം മെസിയോടും ബാഴ്‌സലോണയോടുമുള്ള തന്റെ ആരാധന വെളിപ്പെടുത്തിയത്. “റിവർപ്ലേറ്റ് പോലെത്തന്നെ ഞാൻ കളിക്കാൻ ആഗ്രഹിക്കുന്ന ക്ലബ് ബാഴ്‌സലോണയാണ്. ഞാൻ മെസിയുടെ വലിയൊരു ആരാധകനാണ്, അദ്ദേഹം ബാഴ്‌സലോണയിൽ കളിക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ആ ടീം ചെറുപ്പം മുതൽ തന്നെ എന്റെ ഉള്ളിലുണ്ട്.” എച്ചെവെരി പറഞ്ഞു.

എച്ചെവെരിക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് ആഗ്രഹമെന്ന വാർത്ത തിരിച്ചടി നൽകുന്നത് റയൽ മാഡ്രിഡിനാണ്. താരത്തിൽ റയൽ മാഡ്രിഡിന് വളരെയധികം താൽപര്യമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാഴ്‌സയെ ആരാധിക്കുന്ന എച്ചെവെരി റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ യാതൊരു സാധ്യതയുമില്ല. അർജന്റീന യുവതാരത്തിനായി ശക്തമായി രംഗത്തുള്ള മറ്റൊരു ക്ലബ് മെസിയെ വളർത്തിയെടുക്കാൻ പ്രധാന പങ്കു വഹിച്ച ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയാണ്.

അതേസമയം എച്ചെവെരിക്ക് താൽപര്യമുണ്ടെങ്കിൽ പോലും ബാഴ്‌സലോണക്ക് താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞേക്കില്ല. നിലവിൽ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്ന ബാഴ്‌സലോണ പുതിയ താരങ്ങളെ സ്വന്തമാക്കുന്നത് വളരെ ശ്രദ്ധിച്ചാണ്. ലോകകപ്പിൽ അർജന്റീന ടീമിന്റെ നായകനായി മികച്ച പ്രകടനം നടത്തുന്നതിനാൽ തന്നെ റിവർ പ്ലേറ്റ് താരത്തിനുള്ള ആവശ്യക്കാരുടെ എണ്ണം ഇനിയുള്ള ട്രാൻസ്‌ഫർ ജാലകങ്ങളിൽ വർധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

Echeverri Dreams Of Playing For Barcelona