ദിമിത്രിസിനെതിരെ ശിക്ഷ വിധിച്ച് ഇവനാശാൻ, ബ്ലാസ്റ്റേഴ്‌സ് താരങ്ങളും പരിശീലകനും തമ്മിലുള്ള ബന്ധം വേറെ ലെവൽ | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിലെ കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയപ്പോൾ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയത് ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിസ് ആയിരുന്നു. എന്നാൽ ആ ഗോൾ നേടിയതിനൊപ്പം തന്നെ വലിയൊരു മണ്ടത്തരം കൂടി ദിമിത്രിസ് ചെയ്‌തു. അതിനു തൊട്ടു മുൻപ് ഒരു മഞ്ഞക്കാർഡ് നേടിയ താരം ഗോൾ നേടിയപ്പോൾ ജേഴ്‌സി ഊരിയതിനു ഒരു മഞ്ഞക്കാർഡും പിന്നാലെ ചുവപ്പുകാർഡും നേടി പുറത്തു പോവുകയും ചെയ്‌തു.

മത്സരം തീരാൻ ഏതാനും മിനുട്ടുകൾ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ എന്നതിനാൽ ദിമിത്രിസിന്റെ അഭാവം ടീമിന്റെ വിജയത്തെ ഇല്ലാതാക്കിയില്ല. എങ്കിലും പത്ത് പേരായി ചുരുങ്ങിയ ബ്ലാസ്റ്റേഴ്‌സിനെതിരെ ഈസ്റ്റ് ബംഗാൾ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ഇഞ്ചുറി ടൈമിൽ പെനാൽറ്റി വഴങ്ങിയതിനെ തുടർന്ന് ടീമിന്റെ ക്ലീൻ ഷീറ്റ് നഷ്‌ടമായി. ആ ചുവപ്പുകാർഡ് തീർത്തും അനാവശ്യമായ ഒന്നായിരുന്നുവെന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു.

അപ്പോൾ തന്നെ ദിമിത്രിസ് ഇവാനാശാനോട് ക്ഷമാപണം നടത്തിയെങ്കിലും താരത്തിന്റെ വിലക്ക് ടീമിന് തിരിച്ചടിയാണ്. ചുവപ്പുകാർഡ് നേടിയ താരം ഹൈദരാബാദ് എഫ്‌സിക്കെതിരെ കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കളിക്കാനിറങ്ങില്ല. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ഇതേക്കുറിച്ച് ഇവാനോട് മാധ്യമങ്ങൾ ചോദിച്ചിരുന്നു. അനാവശ്യമായി ചുവപ്പുകാർഡ് വാങ്ങിയതിന് ദിമിത്രിയോസിനു ശിക്ഷ വല്ലതുമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി രസകരമായിരുന്നു.

“ദിമി രണ്ട് മണ്ടൻ മഞ്ഞ കാർഡുകളാണ് വാങ്ങിയത്. അതിനാൽ ടീം ബിൽഡിങ്ങിനും എല്ലാവർക്കും ഒരു ഡിന്നറിനു അവൻ പണം മുടക്കണം, അതാണ് അവനുള്ള ശിക്ഷ. എന്തായാലും ഞാൻ മനസ്സിലാക്കിയിടത്തോളം അതിനു കുറച്ചു മുൻപാണ് താരത്തിന് ഒരു മകൻ പിറന്നത്. അവനുള്ള സമർപ്പണമായിരുന്നു ആ ആഘോഷം. എന്നാൽ ബെഞ്ചിലിരുന്ന എന്റെ മുഖം കണ്ടപ്പോൾ തന്നെ അവനു കാര്യം മനസ്സിലായിരുന്നു, അപ്പോൾ തന്നെ എന്നോട് ക്ഷമാപണം നടത്തുകയും ചെയ്‌തു.” ഇവാൻ പറഞ്ഞു.

ടീമിനെ വളരെയധികം ബാധിക്കുന്ന ഒരു കാര്യമായിരുന്നിട്ടു കൂടി അതിനെ ഇവാൻ വുകോമനോവിച്ച് വളരെ അനായാസമായാണ് കൈകാര്യം ചെയ്‌തതെന്നത് അദ്ദേഹവും താരങ്ങളും തമ്മിലുള്ള മികച്ച ബന്ധം വെളിപ്പെടുത്തുന്നു. താരങ്ങളെ അനാവശ്യമായി നിയന്ത്രിക്കുന്ന കർക്കശക്കാരനായ പരിശീലകനല്ല, മറിച്ച് ആവശ്യമുള്ള സ്വാതന്ത്ര്യം നൽകി അവരിൽ നിന്നും മികച്ച പ്രകടനം കൊണ്ടുവരുന്ന പരിശീലകനാണ് അദ്ദേഹമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

Vukomanovic Explains Punishment For Dimitris