കൂടുതൽ ഗോളുകളും അസിസ്റ്റുകളും ടീമിനായി സ്വന്തമാക്കണം, ഇതുവരെയുള്ള പ്രകടനത്തിൽ തൃപ്‌തനാണെന്ന് ഡൈസുകെ | Daisuke

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തീർത്തും അപ്രതീക്ഷിതമായാണ് ജാപ്പനീസ് മുന്നേറ്റനിര താരമായ ഡൈസുകെ എത്തുന്നത്. ഈ സീസണിലേക്കുള്ള ടീമിൽ ബ്ലാസ്റ്റേഴ്‌സ് യാതൊരു തരത്തിലും ഡൈസുകെയെ പരിഗണിച്ചിരുന്നില്ല. എന്നാൽ ഓസ്‌ട്രേലിയയിൽ നിന്നും ടീമിലെത്തിച്ച ജൗഷുവ സോട്ടിരിയോക്ക് പരിക്ക് പറ്റിയത് എല്ലാ പദ്ധതികളെയും മാറ്റിമറിച്ചു. താരം തിരിച്ചെത്താൻ 2024 ജനുവരി ആകുമെന്നതിനാൽ അതിനു പകരമാണ് ഡൈസുകെയെ ട്രാൻസ്‌ഫർ വിൻഡോയുടെ അവസാന ദിവസങ്ങളിൽ സ്വന്തമാക്കിയത്.

ഒഡിഷ എഫ്‌സിയിൽ ട്രയൽസിൽ പങ്കെടുത്ത താരമായിരുന്നു ഡൈസുകെ. എന്നാൽ അവർ ജാപ്പനീസ് താരത്തെ സ്വന്തമാക്കാൻ തയ്യാറായില്ല. അതെന്തായാലും ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്‌തു. ഇന്ത്യയിൽ ആദ്യമായി കളിക്കുകയാണെങ്കിലും ഇവിടുത്തെ സാഹചര്യങ്ങളുമായി പെട്ടന്നു പൊരുത്തപ്പെട്ട താരം മികച്ച പ്രകടനമാണ് നടത്തുന്നത്. പിഴവുകളൊന്നും വരുത്താതെ ഡീസന്റ് പ്രകടനം ടീമിനായി നടത്തുന്ന താരം ഇപ്പോൾ തന്നെ ആരാധകർക്ക് പ്രിയങ്കരനായി മാറിക്കഴിഞ്ഞു.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച എല്ലാ മത്സരങ്ങളിലും താരം ആദ്യ ഇലവനിൽ തന്നെ ഇറങ്ങിയിരുന്നു. ടീമിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിക്കുന്ന താരം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോളുകളിൽ പങ്കാളിയായി. ഒഡിഷക്കെതിരായ മത്സരത്തിൽ ദിമിത്രിയോസ് നേടിയ ടീമിന്റെ തിരിച്ചുവരവിനു തുടക്കമിട്ട ഗോളിന് അസിസ്റ്റ് നൽകിയ താരം ഈസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ച് തന്റെ ഗോൾവേട്ടക്ക് തുടക്കമിടുകയും ചെയ്‌തു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഗോളുകളിൽ പങ്കാളിയായത് താരത്തിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനു വന്ന സമയത്ത് ഇതുവരെയുള്ള പ്രകടനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിനു താരം പറഞ്ഞ മറുപടി ഇങ്ങിനെയായിരുന്നു. “ഇതുവരെയുള്ള എന്റെ പ്രകടനത്തിൽ സന്തോഷമുണ്ട്. എന്നാൽ കൂടുതൽ ഗോളും അസിസ്റ്റും സ്വന്തമാക്കി ടീമിനെ സഹായിക്കണമെന്നാണ് എന്റെ ആഗ്രഹം.”

കളിക്കളത്തിലെ ഫെയർ പ്ലേയുടെ കാര്യത്തിലും ഡൈസുകെ വളരെ മികവ് പുലർത്തുന്നുണ്ട്. ഇത്രയും മത്സരങ്ങൾ കളിച്ച് പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ പങ്കു വഹിക്കുന്ന രീതിയിൽ ടീമിനായി അധ്വാനിച്ചിട്ടും ഒരു മഞ്ഞക്കാർഡ് പോലും താരം വാങ്ങിയിട്ടില്ല. അതുകൊണ്ടു കൂടിയാണ് ആരാധകർക്ക് ജാപ്പനീസ് താരം പ്രിയങ്കരനാകുന്നത്. എന്തായാലും ഇന്ന് ദിമിത്രിസിന്റെ അഭാവത്തിൽ കൂടുതൽ ഉത്തരവാദിത്വം ഡൈസുകെക്കുണ്ടാകുമെന്നാണ് കരുതേണ്ടത്.

Daisuke Hopes To Get More Goals And Assists For Kerala Blasters