റോമയിൽ ഡിബാല തരംഗം, 2023 അർജന്റീനിയൻ താരത്തിന് സ്വന്തം

യുവന്റസ് പുതിയ കരാർ നൽകുന്നതിലുണ്ടായ അഭിപ്രായവ്യത്യാസങ്ങൾ കാരണം റോമയിലേക്ക് ചേക്കേറിയ പൗളോ ഡിബാല മൗറീന്യോക്ക് കീഴിൽ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇന്നലെ സ്പെസിയയും റോമയും തമ്മിൽ നടന്ന മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയ താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ചു. ഇതോടെ സീരി എയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാമെന്ന പ്രതീക്ഷ സജീവമാക്കാനും റോമക്കായി.

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിൽ ഉണ്ടായിരുന്നെങ്കിലും പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതിനാൽ അവസാനത്തെ രണ്ടു മത്സരങ്ങളിൽ മാത്രമാണ് താരം കളത്തിലിറങ്ങിയത്. ലയണൽ മെസിയുടെ അതെ പൊസിഷനിൽ സമാനമായ ശൈലിയിൽ കളിക്കുന്ന താരമായതിനാൽ അർജന്റീന ടീമിൽ അവസരങ്ങൾ കുറയുന്ന താരം അതിന്റെ പ്രശ്‌നങ്ങൾ ക്ലബിനു വേണ്ടി മികച്ച പ്രകടനം നടത്തി മറികടക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.

ലോകകപ്പിനു ശേഷം അഞ്ചു മത്സരങ്ങളിലാണ് ഡിബാല കളിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിലും ഗോളോ അസിസ്റ്റോ നേടാൻ കഴിയാതിരുന്ന താരം അതിനു ശേഷം നടന്ന മൂന്നു മത്സരങ്ങളിൽ മൂന്നു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി. കോപ്പ ഇറ്റാലിയ മത്സരത്തിൽ ജെനോവേക്കെതിരെ നേടിയ വിജയഗോളും ഇതിൽ ഉൾപ്പെടുന്നു. ഡിബാലയെ സ്വന്തമാക്കാൻ മൗറീന്യോ നടത്തിയ നീക്കങ്ങൾ ഫലം കണ്ടുവെന്ന് താരത്തിന്റെ പ്രകടനം തെളിയിക്കുന്നു.

ഇന്നലത്തെ മത്സരത്തിലെ പ്രകടനത്തോടെ റോമക്ക് വേണ്ടി അരങ്ങേറ്റ സീസണിൽ ഏറ്റവുമധികം വേഗത്തിൽ പത്തു ഗോളുകളിൽ പങ്കാളിയായ താരമെന്ന റെക്കോർഡ് ഡിബാല സ്വന്തമാക്കി. ഈ സീസണിൽ പതിമൂന്നു മത്സരങ്ങളിൽ നിന്നും ഏഴു ഗോളും നാല് അസിസ്റ്റുമാണ് താരം നേടിയത്. മുപ്പത്തിയേഴു പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുന്ന റോമക്ക് അമ്പതു പോയിന്റുള്ള നാപ്പോളിയെ സീരി എ കിരീടപ്പോരാട്ടത്തിൽ മറികടക്കാൻ കഴിയില്ലെങ്കിലും ടീമിന് ഏതാനും വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നൽകാൻ താരത്തിന് കഴിയും.