“ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം”- കേരള ബ്ലാസ്റ്റേഴ്‌സിന്റെ തോൽ‌വിയിൽ വിമർശനവുമായി പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങി. മത്സരത്തിന്റെ ഗതി പൂർണമായും തിരിച്ചു വിടാൻ റഫറിയുടെ പിഴവിൽ പിറന്ന പെനാൽറ്റി ഗോൾ കാരണമായെങ്കിലും അതിനൊപ്പം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരം ഹോർമിപാമിന്റെ പിഴവുകളും എടുത്തു പറയേണ്ടതാണ്. ഗോവയുടെ രണ്ടു ഗോളുകളും പിറന്നത് താരത്തിന്റെ ക്ലിയറൻസ് പിഴവിൽ നിന്നുമാണ്.

ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ച് കളിച്ചിരുന്നില്ല. എന്നാൽ മത്സരത്തിൽ തോൽവി വഴങ്ങിയതിനു അതൊരു ഒഴികഴിവായി കാണാൻ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങൾ മനസിലാക്കി താരങ്ങൾ കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും വുകോമനോവിച്ച് പറഞ്ഞു. ടീം വ്യക്തിഗത പിഴവുകൾ വരുത്തുന്നതിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

“ഇതുപോലെയുള്ള കാര്യങ്ങളെ നമ്മൾ കൃത്യമായി കൈകാര്യം ചെയ്യണം. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ നമ്മൾ ഒരുപാട് വ്യക്തിഗത പിഴവുകൾ വരുത്തുന്നുണ്ട്. അതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. പ്രത്യേകിച്ചും ലീഗിലെ ടോപ് ടീമുകളുമായി കളിക്കുന്ന സമയത്ത്. ഇതുപോലെയുള്ള വ്യക്തിഗത പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അത് ഗോളുകൾ വഴങ്ങാൻ കാരണമാകും എന്നതിനാൽ ശ്രദ്ധയും അച്ചടക്കവും താരങ്ങൾ നിലനിർത്തണം.”

“ഇതുപോലെയുള്ള പിഴവുകൾ, പ്രത്യേകിച്ചും ആദ്യപകുതിയിൽ ഉണ്ടായത് മത്സരം കൈവിട്ടു പോകാൻ കാരണമായി. മത്സരം എങ്ങിനെ തുടങ്ങണമെന്ന കാര്യത്തിൽ ഞങ്ങൾക്കൊരു ധാരണയുണ്ടായിരുന്നു. രണ്ടു മത്സരങ്ങൾ തുടർച്ചയായി തോൽവി വഴങ്ങുന്നത് ഒരിക്കലും സന്തോഷം നൽകുന്ന കാര്യമല്ല. ഈ സാഹചര്യവുമായി ഞങ്ങൾ പൊരുത്തപ്പെട്ടു പോകണം. ആറു ചുവടുകൾ കൂടി വെക്കാനുണ്ട്. അതിലേക്കാണ് ഇനിയുള്ള തയ്യാറെടുപ്പുകൾ.” പരിശീലകൻ പറഞ്ഞു.

മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും ലീഗിൽ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ്. എടികെ മോഹൻ ബഗാൻ കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങിയതാണു ബ്ലാസ്റ്റേഴ്‌സിനെ മൂന്നാം സ്ഥാനത്തു തുടരാൻ സഹായിച്ചത്. ഇനി ലീഗിൽ ആറു മത്സരങ്ങൾ കൂടി ബ്ലാസ്റ്റേഴ്‌സിന് ബാക്കിയുള്ളതിൽ എല്ലാം വിജയിച്ചില്ലെങ്കിൽ പ്ലേ ഓഫ് സാധ്യതക്ക് ഭീഷണിയാകുമെന്നതിൽ സംശയമില്ല.