വീണ്ടും പ്രതിരോധത്തിൽ പിഴച്ച് ബ്ലാസ്റ്റേഴ്‌സ്, ഉദ്ഘാടനമത്സരത്തിലെ തോൽവിക്ക് പകരം വീട്ടി ഈസ്റ്റ് ബംഗാൾ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും തമ്മിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണ് കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് തോൽവി വഴങ്ങിയത്. വിജയം നേടിയിരുന്നെങ്കിൽ പ്ലേ ഓഫ് ഉറപ്പിക്കുന്നതിലേക്ക് ഒന്നുകൂടി അടുക്കാൻ കഴിയുമായിരുന്ന ബ്ലാസ്റ്റേഴ്‌സ് തോൽവിയോടെ അതില്ലാതാക്കി. ഒരിക്കൽക്കൂടി പ്രതിരോധത്തിന്റെ പിഴവാണ് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകിയത്.

ഗോളുകൾ അകന്നു നിന്നെങ്കിലും ആവേശകരമായിരുന്നു ആദ്യപകുതി. കേരള ബ്ലാസ്റ്റേഴ്‌സായിരുന്നു പന്തടക്കത്തിൽ മുന്നിൽ നിന്നതെങ്കിലും കൂടുതൽ ആക്രമണങ്ങൾ നടത്തിയത് ഈസ്റ്റ് ബംഗാളായിരുന്നു. രണ്ടു ടീമുകളും മികച്ച അവസരങ്ങൾ തുറന്നെടുത്തപ്പോൾ ഗോൾകീപ്പർമാരുടെ മിന്നുന്ന പ്രകടനമാണ് ഗോൾ വഴങ്ങാതിരിക്കാൻ കാരണമായത്. ബോക്‌സിനുള്ളിൽ ഹാൻഡ് ബോളായതിനു ഒരു പെനാൽറ്റി ലഭിക്കേണ്ടത് റഫറി നിഷേധിച്ചത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി.

സ്വന്തം മൈതാനത്ത് ഈസ്റ്റ് ബംഗാളും മികച്ച മുന്നേറ്റങ്ങൾ സംഘടിപ്പിച്ചു. സുഹൈറിലൂടെ അവർ ഒരിക്കൽ വല കുലുക്കിയെങ്കിലും റഫറി കൃത്യമായി ഓഫ്‌സൈഡ് വിളിച്ചത് അവർക്ക് തുണയായി. ഇതിനു പുറമെ ഈസ്റ്റ് ബംഗാൾ താരങ്ങളുടെ ഒരു പെനാൽറ്റി അപ്പീലും റഫറി നിഷേധിച്ചു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവിൽ നിന്നും അവസാന മിനിറ്റുകളിൽ തുടർച്ചയായ രണ്ടു ഷോട്ടുകൾ വന്നെങ്കിലും ഗില്ലിനു പകരമെത്തിയ കരൺജിത്ത് സിങ് ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി.

ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാം പകുതിയിൽ മുന്നേറ്റങ്ങൾ കുറവായിരുന്നു. അതിനിടയിൽ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോൾ വഴങ്ങുന്നതിൽ നിന്നും രക്ഷപ്പെടുകയും ചെയ്‌തു. ഈസ്റ്റ് ബംഗാൾ താരം ഓഫ്‌സൈഡ് ട്രാപ്പ് പൊട്ടിച്ച് ഒറ്റക്ക് പന്തുമായി വന്നു ഷോട്ടുതിർത്തെങ്കിലും അത് പുറത്തു പോയി. റഫറി ഓഫ്‌സൈഡ് ഫ്‌ളാഗ് ഉയർത്തിയെങ്കിലും റീപ്ലേയിൽ അത് ഓഫ്‌സൈഡ് അല്ലെന്ന് വ്യക്തമായിരുന്നു.

ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ച ഗോൾ വരുന്നത് എഴുപത്തിയേഴാം മിനുട്ടിലാണ്. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വരുത്തിയ പിഴവിൽ നിന്നും പന്തുമായി ഈസ്റ്റ് ബംഗാൾ താരം നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഷോട്ടുതിർത്തതിന്റെ റീബൗണ്ടിൽ നിന്നും ക്‌ളീറ്റൻ സിൽവയാണ് ഗോൾ നേടിയത്. പന്ത് തട്ടിക്കളയാൻ പുതിയ സൈനിങായ ഡാനിഷ് ഫാറൂഖ് ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.

ഗോൾ വഴങ്ങിയതിനു ശേഷം തുടർച്ചയായ മുന്നേറ്റങ്ങൾ നടത്തിയ ബ്ലാസ്റ്റേഴ്‌സിന് ഒന്ന് രണ്ടു മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ കഴിഞ്ഞില്ല. മത്സരം തീരാൻ മിനുട്ടുകൾ മാത്രം ശേഷിക്കെ ചുവപ്പുകാർഡ് ലഭിച്ചതിനെ തുടർന്ന് ഈസ്റ്റ് ബംഗാൾ പത്ത് പേരായി ചുരുങ്ങിയെങ്കിലും അത് മുതലെടുത്ത് വിജയം നേടാനുള്ള സമയം ബ്ലാസ്റ്റേഴ്‌സിന് ഉണ്ടായിരുന്നില്ല.