ക്ലബ് ജേഴ്സിയിട്ട് ബിവറേജസ് ക്യൂവിൽ ഐഎസ്എൽ ഇതിഹാസം, വീഡിയോ കണ്ടു ഞെട്ടി ആരാധകർ | Edu Bedia
ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച മികച്ച വിദേശതാരങ്ങളുടെ ലിസ്റ്റെടുത്താൽ അതിലുണ്ടാകുന്ന പേരുകളിൽ ഒന്നാണ് സ്പാനിഷ് താരമായ എഡു ബേഡിയയുടേത്. ബാഴ്സലോണ ബി ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരം 2017 മുതൽ 2023 വരെ എഫ്സി ഗോവയുടെ പ്രധാന താരമായിരുന്നു. എഫ്സി ഗോവക്കൊപ്പം 2019-20 സീസണിലെ ഐഎസ്എൽ ലീഗ് വിന്നേഴ്സ് ഷീൽഡ് അടക്കം മൂന്നു കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള അദ്ദേഹം ക്ലബിന്റെ ഇതിഹാസമായാണ് അറിയപ്പെടുന്നത്.
എഫ്സി ഗോവ വിട്ട ബെഡിയയെ അതിനു പിന്നാലെ കേരളത്തിലെ പ്രമുഖ ക്ലബുകളിൽ ഒന്നായ ഗോകുലം കേരള സ്വന്തമാക്കിയിരുന്നു. ഐ ലീഗിൽ ഒന്നാം സ്ഥാനത്തെത്തിയാൽ ഐഎസ്എല്ലിലേക്ക് പ്രവേശനം ലഭിക്കുമെന്നതിനാൽ ഈ സീസണിൽ ഒന്നാം സ്ഥാനക്കാരാകാനുള്ള ശ്രമത്തിലാണ് ഗോകുലം കേരള. മുൻപ് ഐ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള അവർ അതിനു വേണ്ടിയാണ് മുപ്പത്തിനാലുകാരനായ സ്പാനിഷ് താരത്തെ ടീമിലേക്ക് എത്തിച്ചിട്ടുള്ളത്.
ഡേയ് ഒരു ജവാൻ രണ്ട് എംസി ഫുൾ
Edu bedia uniform എല്ലാം ഇട്ടണല്ലോ bevcoയിൽ pic.twitter.com/yEnLVhJmqS
— Tweepreneur (@Tweepreneur_) October 4, 2023
ഐ ലീഗ് മത്സരങ്ങൾക്കായി ഗോകുലം കേരള ഒരുങ്ങിക്കൊണ്ടിരിക്കെ അവരുടെ പ്രധാന താരമായ ബേഡിയ ബിവറേജസിൽ ക്യൂ നിന്ന് മദ്യം വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പടർന്നു പിടിക്കുന്നത്. എന്നത്തെ ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ലെങ്കിലും കോഴിക്കോടുള്ള ഒരു ബീവറേജസിൽ നിന്നും കുപ്പി വാങ്ങുന്ന താരത്തിന്റെ ദൃശ്യം വ്യക്തമാണ്. ഗോകുലം കേരള ക്ലബ് ജേഴ്സിയിൽ മറ്റൊരു താരത്തിനൊപ്പം എത്തിയാണ് ബേഡിയ മദ്യം വാങ്ങുന്നത്.
Spanish midfielder Edu Bedia has completed a move to Hero I-League club Gokulam Kerala FC on a one-year contract, per @MarcusMergulhao 🇪🇦✍️#IndianFootball | @edubedia pic.twitter.com/xQCeVFORxb
— 90ndstoppage (@90ndstoppage) August 13, 2023
ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഗോകുലം കേരളയെ ട്രോളാൻ തുടങ്ങിയിട്ടുണ്ട്. ഗോകുലം കേരള ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വന്നാൽ കേരളത്തിലെ ആരാധകർ രണ്ടായി പിരിയുമെന്നും നിലവിൽ ബ്ലാസ്റ്റേഴ്സിനുള്ള പല ആരാധകരെയും നഷ്ടപ്പെടുമെന്നും വാദങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സ്വന്തം ടീമിലെ പ്രധാന താരത്തെ ബീവറേജസിലേക്ക് വിടേണ്ട അവസ്ഥയുള്ള ഗോകുലത്തിന്റെ അവസ്ഥ പരിതാപകരമാണെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ട്രോളുന്നത്.
അതേസമയം ലയണൽ മെസി അമേരിക്കയിലെ മിയാമിയിൽ ഷോപ്പിംഗ് സ്വന്തമായി നടത്തുന്നത് സ്വാഭാവികമായ കാര്യമാകുമ്പോൾ ബേഡിയ ചെയ്തതും നോർമലായ കാര്യമാണെന്നാണ് ഒരു വിഭാഗം ആളുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ക്ലബിലെ കളിക്കാരൻ ജേഴ്സിയിട്ട് ബീവറേജസിൽ ക്യൂ നിന്നതിനാൽ താരത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല. എന്തായാലും ആരാധകരുടെ പോര് ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.
Edu Bedia Of Gokulam Kerala Spotted In Bevco Outlet