ആ നേട്ടം സ്വന്തമാക്കാമെന്ന് മറ്റൊരു ടീമും മോഹിക്കണ്ട, ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ പവർ ഒരിക്കൽക്കൂടി ഐഎസ്എൽ കാണാൻ പോകുന്നു | ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപ്പടയാണ് കേരള ബ്ലാസ്റ്റേഴ്‌സെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരുപക്ഷെ കേരള ബ്ലാസ്റ്റേഴ്‌സിനോളം ആരാധകപിന്തുണയുള്ള ചില ടീമുകൾ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായിരിക്കുമെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരോളം സംഘടിതമായൊരു ഫാൻ ഗ്രൂപ്പ് ഐഎസ്എല്ലിൽ വേറെയില്ല. സ്വന്തം മൈതാനത്തും എതിരാളികളുടെ മൈതാനത്തും അവർ ടീമിന് കൊടുക്കുന്ന പിന്തുണയിൽ നിന്നു തന്നെ ഇക്കാര്യം വ്യക്തമാണ്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയതിൽ ആരാധകർക്കും വലിയൊരു പങ്കുണ്ട്. രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത് ഒരു ഗോളിന്റെ മാത്രം ലീഡിലാണ്. ഗോൾ നേടാനും നേടിയ ഗോൾ പ്രതിരോധിക്കാനും ആരാധകർ നൽകിയ പിന്തുണ ടീമിന് കരുത്തേകിയിട്ടുണ്ട്. മത്സരത്തിന്റെ ഏതെങ്കിലും സമയത്ത് സ്വന്തം ടീമിലെ താരത്തിന്റെ കോൺഫിഡൻസ് ലെവൽ കുറഞ്ഞു പോയാൽ ചാന്റുകൾ മുഴക്കി ഊർജ്ജം നൽകാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശ്രദ്ധിക്കാറുണ്ട്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ പവർ തെളിയിക്കാനുള്ള മറ്റൊരു അവസരം വന്നു ചേർന്നിരിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഗെയിം വീക്ക് 2 അവസാനിച്ചപ്പോൾ അതിലെ ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് സൂപ്പർലീഗ് അധികൃതർ ആരംഭിച്ചിട്ടുണ്ട്. ആരാധകരാണ് ഏറ്റവും മികച്ച ഗോളിനായി വോട്ടു ചെയ്യേണ്ടത്. അഡ്രിയാൻ ലൂണ നേടിയ ജംഷഡ്‌പൂരിനെതിരെ നേടിയ വിജയ ഗോളുൾപ്പെടെ നാല് ഗോളുകളാണ് ഈ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.

ഹൈദരാബാദ് എഫ്‌സിക്കെതിരെ ഈസ്റ്റ് ബംഗാൾ താരം ക്ലീറ്റൻ സിൽവ നേടിയ ഫ്രീ കിക്ക് ഗോൾ, ചെന്നൈയിൻ എഫ്‌സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിങ്ങർ പാർത്തീബ്‌ ഗോഗോയ് നേടിയ ലോങ്ങ് റേഞ്ചർ, അതെ മത്സരത്തിൽ അഷീർ അക്തർ അവസാന മിനുട്ടിൽ നേടിയ ലോങ്ങ് റേഞ്ചർ ഗോൾ എന്നിവയാണ് ലൂണയുടെ ഗോളിന് പുറമെ ലിസ്റ്റിലുള്ളത്. ഇതിൽ ബാക്കി മൂന്നു ഗോളുകളും വ്യക്തിഗത മികവ് അടയാളപ്പെടുത്തുമ്പോൾ ബ്ലാസ്റ്റേഴ്‌സിന്റേത് മികച്ചൊരു ടീം ഗോളാണ്.

ഇതിൽ ആരാകും വിജയിയാവുക എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട കാര്യമില്ല. എപ്പോഴൊക്കെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഒരു ഗോൾ ഫാൻസ്‌ ഗോൾ ഓഫ് ദി വീക്ക് വോട്ടെടുപ്പിന് വന്നിട്ടുണ്ടോ, അപ്പോഴൊക്കെ അവരതിൽ വിജയം നേടിയിട്ടുണ്ട്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോൾ മികച്ച ഗോളിന് തീർച്ചയായും അർഹതയുള്ളതാണെന്ന കാര്യത്തിൽ സംശയമില്ല. കടുത്ത ഡിഫെൻസിവ് ലൈൻ സൃഷ്‌ടിച്ച ജംഷഡ്‌പൂരിനെ നോക്കുകുത്തിയാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ആ ഗോൾ കുറിച്ചത്.

ISL Fans Goal Of The 2nd Game Week