കഴിഞ്ഞ തവണ ലൂണ മാത്രമുണ്ടായിരുന്ന ടീമിൽ ഇത്തവണ മൂന്നു പേർ, കരുത്ത് കാണിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | ISL

ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റൊരു ഗെയിം വീക്ക് കൂടി സമാപിച്ചപ്പോൾ ടൂർണമെന്റിലെ ഏറ്റവും മൂല്യമേറിയ രണ്ടു ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നത്. രണ്ടു മത്സരങ്ങളിലും വിജയം നേടി ആറു പോയിന്റുമായി മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അതെ പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെക്കാൾ ഒരു ഗോൾ മോഹൻ ബഗാൻ കൂടുതൽ നേടിയിട്ടുണ്ട് എന്നത് മാത്രമാണ് അവർ മുന്നിൽ നിൽക്കുന്നതിന്റെ കാരണം.

അതിനിടയിൽ രണ്ടാമത്തെ ഗെയിം വീക്കിലെ മികച്ച താരങ്ങളുടെ ഇലവൻ കഴിഞ്ഞ ദിവസം പ്രഖ്യാപനം നടത്തുകയുണ്ടായി. കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ഒരൊറ്റ താരം മാത്രമാണ് മികച്ച താരങ്ങളുടെ ഇലവനിൽ ഇടം പിടിച്ചത്. ബെംഗളൂരുവിനെതിരെ ഗോൾ നേടിയ അഡ്രിയാൻ ലൂണയായിരുന്നു അത്. എന്നാൽ ഇത്തവണ മൂന്നു താരങ്ങളാണ് മികച്ച ഇലവനിൽ ഇടം നേടിയിരിക്കുന്നത്. ഏറ്റവുമധികം താരങ്ങൾ ബെസ്റ്റ് ഇലവനിലുള്ള ടീമാണ് ബ്ലാസ്റ്റേഴ്‌സ് എന്ന പ്രത്യേകത കൂടിയുണ്ട്.

ജംഷഡ്‌പൂരിനെതിരെ ഗോൾ നേടിയ അഡ്രിയാൻ ലൂണ ബെസ്റ്റ് ഇലവനിൽ വീണ്ടും ഇടം നേടിയപ്പോൾ ടീമിലെത്തിയ മറ്റൊരു താരം ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷാണ്. കഴിഞ്ഞ മത്സരത്തിൽ താരത്തിന്റെ മികച്ച സേവുകളാണ് ടീമിന്റെ വിജയം ഉറപ്പിച്ചത്. അതിനു പുറമെ ഈ സീസണിൽ ടീമിലെത്തിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധനിര താരം മിലോസ് ഡ്രിങ്കിച്ചും ബെസ്റ്റ് ഇലവനിലുണ്ട്. താരം രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്.

ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും മൂന്നു താരങ്ങൾ ബെസ്റ്റ് ഇലവനിൽ ഉൾപ്പെട്ടപ്പോൾ മൂന്നു താരങ്ങൾ ഉൾപ്പെട്ട മറ്റൊരു ടീം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ്. പ്രതിരോധതാരം അഷീദ് അക്തർ, മധ്യനിര താരം ഫാൽഗുനി സിങ്, മറ്റൊരു മിഡ്‌ഫീൽഡറായ പാർത്തീബ്‌ ഗോഗോയ് എന്നിവരാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ നിന്നും ബെസ്റ്റ് ഇലവനിൽ ഉൾപ്പെട്ടിരിക്കുന്നത്. കരുത്തരായ മോഹൻ ബഗാനിൽ നിന്നും ഹ്യൂഗോ ബൗമസ് മാത്രമേ ബെസ്റ്റ് ഇലവനിൽ ഇടം നേടിയിട്ടുള്ളൂ.

ഈ ടീമുകൾക്ക് പുറമെ മുംബൈ സിറ്റിയുടെ ഡിഫെൻഡറായ റോസ്റ്റിൻ ഗ്രിഫിത്ത്‌സ്, എഫ്‌സി ഗോവയുടെ കാർലോസ് മാർട്ടിനസ്, ഈസ്റ്റ് ബംഗാളിന്റെ ക്‌ളീറ്റൻ സിൽവ എന്നിവരാണ് മികച്ച ഇലവനിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു താരങ്ങൾ. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകനായ യുവാൻ പെഡ്രോ ബെനാലിയാണ് പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടത്. എന്തായാലും താരങ്ങളുടെ എണ്ണത്തിൽ ഒന്നിൽ നിന്നും മുന്നിലേക്ക് വളർന്നത് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് അഭിമാനിക്കാവുന്ന നേട്ടമാണ്.

3 Kerala Blasters Players In ISL Team Of The week