ആശാന്റെ തിരിച്ചുവരവിന്റെ തീയതി കുറിച്ചു, കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി ഇരട്ടി കരുത്ത് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കി. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിനോട് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്‌പൂരിനെ ഒരു ഗോളിനും വീഴ്ത്തി. സ്വന്തം മൈതാനത്തു വെച്ചു നടന്ന രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയതോടെ ചരിത്രത്തിൽ ആദ്യമായി ഐഎസ്എല്ലിൽ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഈ രണ്ടു മത്സരങ്ങളിലും നയിച്ചത് സഹപരിശീലകനായ ഫ്രാങ്ക് ദോവനായിരുന്നു. പ്രധാന പരിശീലകനായ ഇവാൻ വുകോമനോവിച്ച് വിലക്ക് കാരണം പുറത്തിരിക്കുന്നതാണ് ഇതിനു കാരണം. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് കളിക്കളം വിട്ടതിനെ തുടർന്നതിനുള്ള ശിക്ഷയായാണ് ഇവാൻ വുകോമനോവിച്ചിന് പത്ത് മത്സരങ്ങളിൽ വിലക്ക് ലഭിച്ചത്.

വുകോമനോവിച്ചിന്റെ വിലക്ക് അവസാനിക്കാറായെന്നത് ആരാധകർക്ക് ആവേശം നൽകുന്ന കാര്യമാണ്. കഴിഞ്ഞ സീസണിലെ സൂപ്പർ കപ്പ് മത്സരങ്ങളും ഈ സീസണിലെ ഡ്യൂറന്റ് കപ്പുമെല്ലാം ചേർന്നപ്പോൾ ഇനി രണ്ടു മത്സരങ്ങളിൽ മാത്രമേ വുകോമനോവിച്ചിന് പുറത്തിരിക്കേണ്ടി വരികയുള്ളൂ. അതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് ടീമിന് തത്രങ്ങൾ പകർന്നു നൽകാൻ അദ്ദേഹമുണ്ടാകും. അദ്ദേഹത്തിന്റെ മടങ്ങിവരവ് കൊച്ചിയിൽ തന്നെയാകുമെന്നതും ആവേശകരമായ കാര്യമാണ്.

കേരള ബ്ലാസ്റ്റേഴ്‌സിന് ഇനിയുള്ള മത്സരം മുംബൈ സിറ്റി എഫ്‌സിക്കെതിരെയുള്ള എവേ മത്സരമാണ്. ഇതിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ നടക്കുന്ന ഹോം ഗ്രൗണ്ടിലെ മത്സരത്തിലും ഇവാൻ വുകോമനോവിച്ച് ഉണ്ടാകില്ല. അതിനു ശേഷം ഒഡിഷ എഫ്‌സിക്കെതിരെ നടക്കുന്ന മത്സരത്തിലാകും ഇവാൻ വുകോമനോവിച്ച് ഒരു ഇടവേളക്ക് ശേഷം ടീമിനെ നയിക്കുക. സ്വന്തം മൈതാനത്ത് ആശാൻ തിരിച്ചെത്തുമ്പോൾ സ്വീകരിക്കാൻ ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്..

ഇവാന്റെ അഭാവത്തിലും ടീമിനെ മികച്ച രീതിയിൽ മുന്നോട്ടു നയിക്കാൻ സഹപരിശീലകൻ ഫ്രാങ്ക് ദോവനു കഴിഞ്ഞുവെന്നത് വളരെയധികം പ്രതീക്ഷയുണ്ടാക്കുന്ന കാര്യമാണ്. ഇവാനെപ്പോലെത്തന്നെ മികച്ച തന്ത്രങ്ങൾ കൈവശമുള്ള ഒരു പരിശീലകനാണ് താനെന്ന് ദോവനും തെളിയിച്ചു കഴിഞ്ഞു. ഇവർ രണ്ടു പേരും ടീമിനെ ഒരുമിച്ച് നയിക്കുമ്പോൾ ബ്ലാസ്‌റ്റേഴ്‌സിനത് കൂടുതൽ ആവേശവും ആത്മവിശ്വാസവും നൽകുമെന്നതിൽ സംശയമില്ല.

Ivan Vukomanovic To Return Against Odisha FC